കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസുമായി പ്രൊഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജ് രംഗത്ത്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് നിതു രാജ് നൽകിയ പരാതി. ഇക്കഴിഞ്ഞ ജനുവരി 23നു തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി ‘ഉയിരേ’ എന്ന പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിതു രാജിനെയാണ്. 35 ലക്ഷം രൂപയാണ് പരിപാടിക്കായി നിജുരാജ് ചെലവാക്കിയത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.
ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും റോഡില്‍ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.
