പത്തനംതിട്ട: വാറണ്ട് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനിലെത്തി കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞു വീണുമരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ സൂസമ്മ (62) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോടതി റിമാന്‍ഡ് ചെയ്ത മകന് ചെറിയാനെ (43) സ്റ്റേഷനില്‍ പോയി കണ്ടശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശമുള്ള കല്‍ക്കെട്ടില്‍ ഇരുന്നപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കളും പൊലീസ് ഉദ്യോഗസ്ഥരും ഉടന്‍ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സൂസമ്മ നേരത്തേ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്. 2022 ഒക്ടോബര്‍ 12-ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ചെയ്ത, പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശമുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് വീട്ടില്‍നിന്ന് മാതാവിനൊപ്പമാണ് ചെറിയാനെത്തിയത്. റിമാന്‍ഡ് ചെയ്തതോടെ ചെറിയാനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ സൂസമ്മയും പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ കുഞ്ഞച്ചനാണ് ഭര്‍ത്താവ്. മറ്റുമക്കള്‍: ഡാനിയേല്‍, ഷൈനി. മരുമക്കള്‍: സുമി, ഷിബു. സംസ്കാരം വ്യാഴാഴ്ച 12-ന് പരിയാരം സെയ്ന്റ് പോള്‍സ് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.
