കാസര്‍കോട്: മാര്‍ച്ച് 23ന് ലോക കാലാവസ്ഥാദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നതിനിടയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ തണല്‍മരം മുറിച്ചു മാറ്റാന്‍ ശ്രമം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മരം മുറി തടഞ്ഞ് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. തൊഴിലാളികളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് നഗരത്തിലാണ് സംഭവം. ഒരു വ്യാപാര സ്ഥാപനത്തിന്റെ മുന്നിലെ തണല്‍ മരത്തിന്റെ ശാഖകളാണ് തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചത്. അടിയന്തിരമായി ഇടപെട്ടിരുന്നില്ലെങ്കില്‍ മരം തന്നെ മുറിച്ചു മാറ്റുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒരു കാലത്ത് കാഞ്ഞങ്ങാട് നഗരത്തില്‍ നൂറുകണക്കിനു മരങ്ങളുണ്ടായിരുന്നു. എന്നാല്‍ വികസന പ്രവൃത്തികളുടെ പേരില്‍ കൂറ്റന്‍ മരങ്ങളെല്ലാം മുറിച്ചു മാറ്റിയിരുന്നു. അതിനു ശേഷം കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്നവര്‍ക്ക് പൊരിവെയില്‍ കൊള്ളാനായിരുന്നു വിധി.
