നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്: ഒന്നാം പ്രതി ഷൈബിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മഞ്ചേരി: മൈസൂരുവിലെ ഒറ്റമൂലി ചികിത്സകന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. ഷൈബിന്റെ മാനേജരായിരുന്ന രണ്ടാം പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശിഹാബുദ്ദീന് ആറ് വര്‍ഷവും ഒന്‍പത് മാസവും ആറാം പ്രതി ഷൈബിന്റെ ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക സ്വദേശി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവും കോടതി വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. തുഷാറാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. പതിനഞ്ചു പ്രതികളില്‍ ഒന്‍പതുപേരെ കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ടു.
2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്.
2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു. മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല.
മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page