കാസർകോട്: സി പി.ഐ നേതാവ് നീർച്ചാൽ സ്വദേശി സീതാരാമയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 9 വർഷം കഠിന തടവും അറുപതിനായിരം രൂപ വീതം
പിഴയും ശിക്ഷ. നീർച്ചാൽ സ്വദേശികളായ ബി രവിതേജ(31), കെ പ്രദീപ് രാജ് എന്ന കുട്ട(31) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസംകൂടി അധിക തടവും അനുഭവിക്കണം. 2016 സെപ്റ്റംബർ അഞ്ചിന് രാത്രി ഏഴര മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നീർച്ചാൽ ബാഞ്ചത്തടുക്കയിൽ വച്ച് സീതാരാമയെ തടഞ്ഞു നിർത്തി കല്ല്, കത്തി, വാൾ എന്നിവ കൊണ്ട് വയറ്റിനും, നെഞ്ചിനും കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. ബദിയടുക്ക പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതികളെ അറസ്റ്റു ചെയ്യുകയും കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത് അന്നത്തെ വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുമായ ബാബു പെരിങ്ങേത്താണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായിരുന്നു.







