കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് അവസാനം; 9 മാസം നീണ്ട ദൗത്യത്തിനൊടുവിൽ സുനിതയും വിൽമോറും ഭൂമിയിൽ

ഫ്ളോറിഡ: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27ന് മെക്സിക്കോ ഉൾക്കടലിലാണ് ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ബുധനാഴ്ച പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തു. സ്പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്ക് എത്തിച്ചേർന്നു. പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുൻപ് ഒരുനിമിഷം അവരെ നിവർന്നുനിൽക്കാൻ അനുവദിച്ചിരുന്നു. സുനിത വില്യംസുൾപ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു. സുരക്ഷിതമായി ലാൻഡ് ചെയ്ത പേടകത്തിനടുത്തേക്ക് നേവി സീലിന്റെ ബോട്ട് ആണ് ആദ്യം എത്തിയത്. പത്ത് മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്ക് ശേഷം എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്ക് പേടകത്തെ മാറ്റി. തുടർന്ന് 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25 ഓടെയാണ് യാത്രികരെ ഓരോരുത്തരെയായി പേടകത്തിന് പുറത്തിറക്കിയത്. നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് വൈദ്യ പരിശോധനക്കായി മാറ്റി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല.

Subscribe
Notify of
guest


1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sooraj

Congrats Dears…….

RELATED NEWS

You cannot copy content of this page

Light
Dark