തിരുവനന്തപുരം: കാണാതായ വെങ്ങാനൂര്‍ നീലകേശി സ്വദേശിയായ ഒന്നാം ക്ലാസുകാരനെ മണിക്കൂറുകളുടെ ആശങ്കകൾക്ക് ശേഷം കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടാണ് നാട്ടുകാരെയും വീട്ടുകാരെയും കുട്ടി വട്ടം കറക്കിയത്. വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായ വിവരം പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം കുഞ്ഞിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. വിവരമറിഞ്ഞ് എത്തിയവരും നാട്ടുകാരും ചേര്‍ന്ന് നാടു മുഴുവൻ വ്യാപക തെരച്ചില്‍ നടത്തി. ഒടുവില്‍ വിഴിഞ്ഞം പൊലീസും നാട്ടുകാര്‍ക്കൊപ്പം തിരച്ചില്‍ തുടങ്ങി. സമീപത്തെ കനാലിലും പരിസരത്തുമെല്ലാം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ വാതിലിന് മറവില്‍ അനക്കം ശ്രദ്ധയില്‍പെട്ടത്. നേരത്തെ തന്നെ വീട് അരിച്ചുപെറുക്കിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. കിടപ്പുമുറിയിലെ
അനക്കം കേട്ട് സമീപവാസി വാതില്‍ മാറ്റി വാതില്‍ തുറന്നപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരന്‍ പുഞ്ചിരിയോടെ മുന്നിൽ വന്നു. പുറത്തെ സംഭവങ്ങള്‍ കുട്ടിക്ക് അറിയില്ലായിരുന്നു.
കുട്ടിയെ കണ്ടെത്തിയതായി ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. ട്യൂഷന് പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കുട്ടി ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം. ഏതായാലും കുഞ്ഞിനെ കിട്ടിയ സന്തോഷത്തിലാണ് നാട് മുഴുവൻ.
