കാസര്‍കോട്: കുമ്പളയില്‍ നിന്നും കുടുംബസമേതം മംഗ്‌ളൂരുവിലേക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. കുമ്പള ഭാസ്‌കര നഗറിലെ പെണ്‍കുട്ടിയുടെ ഫോണാണ് കഴിഞ്ഞ മാസം മോഷണം പോയത്. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് അപ്പോള്‍ തന്നെ മംഗ്‌ളൂരു, പാണ്ഡേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേണ്ട നടപടി സ്വീകരിക്കാമെന്നു ഉറപ്പു നല്‍കിയാണ് കുടുംബത്തെ എസ്‌ഐ പി. മരുതി പറഞ്ഞു വിട്ടത്. കോണ്‍സ്റ്റബിള്‍ മഞ്ജുനാഥിനെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
അതിനിടെ മോഷണം പോയ ഫോണില്‍ പുതിയ സിം ഇട്ടു ഉപയോഗിക്കാന്‍ തുടങ്ങി. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട സൈബര്‍ സെല്‍ വിവരം എസ്‌ഐ പി മരുതിയെ അറിയിച്ചു. തുടര്‍ന്ന് എസ്.ഐ ഫോണില്‍ വിളിക്കുകയും മോഷണം പോയ ഫോണാണ് താങ്കളുടെ കൈവശം ഉള്ളതെന്നും വ്യക്തമാക്കി. 4000 രൂപ കൊടുത്താണ് ഫോണ്‍ വാങ്ങിയതെന്നായിരുന്നു എസ്.ഐക്ക് ലഭിച്ച മറുപടി. ഫോണ്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് സംഭാഷണം അവസാനിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഫോണ്‍ എസ്.ഐക്ക് കൊറിയര്‍ വഴി അയച്ചു കിട്ടി. ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളെത്തി ഫോണ്‍ എസ്.ഐ.യില്‍ നിന്നു ഏറ്റുവാങ്ങി.
