കാസര്‍കോട്: എലിവിഷം അകത്തു ചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മടിക്കൈ, കോതോട്ടുപ്പാറയിലെ എ കുഞ്ഞികൃഷ്ണന്‍ (63) ആണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതരായ സി കുഞ്ഞിക്കണ്ണന്‍ -പാറ്റ ദമ്പതികളുടെ മകനാണ്. ഭാര്യയും മകനും ഉണ്ട്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, രാജി, പരേതരായ ഉണ്ണി, മോഹനന്‍.
അതേസമയം രണ്ടരമാസത്തിനുള്ളില്‍ എലിവിഷം അകത്ത് ചെന്ന് ജില്ലയില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണപ്പെട്ടവരെ കൂടാതെ ഏതാനും പേര്‍ ചികിത്സയിലുമാണ്. സ്ലോപോയിഷനായ എലിവിഷം ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടകാരിയാണെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ എലിവിഷം വില്‍ക്കുന്നതിനു യാതൊരു തരത്തിലുള്ള നിയന്ത്രണവും നിലവില്‍ ഇല്ല. അതിനാലാണ് എലിവിഷം അകത്തു ചെന്നു കൊണ്ടുള്ള മരണങ്ങള്‍ വര്‍ധിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എലിവിഷത്തിന്റെ വിതരണത്തിനു നിയന്ത്രണം വേണമെന്ന അഭിപ്രായങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നിന്നു ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
