കാസര്‍കോട്: പൊയിനാച്ചിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് 3.45 ഓടെ പെയിനാച്ചി ദേശീയ പാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസും പെരിയ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.

പൊയിനാച്ചിയില്‍ യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ട് നീങ്ങിവരുന്നതിനാല്‍ വേഗത കുറവായിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറി അമിത വേഗതിയിലായിരുന്നുവെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. മേല്‍പറമ്പ് എസ്.ഐ കെ വേലായുധന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു.
