കാസര്‍കോട്: കോഴിക്കോട്ടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവില്‍ നിന്നു തട്ടിയെടുത്ത 200 ഗ്രാം സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍. മുംബൈ, ജോഗേഷ് വാരി, സമര്‍ത്ഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിര്‍ദ്ധ (37), മുംബൈ, വാദറ, രഞ്ജുഗന്ധ് നഗറിലെ സല്‍മാഖാദര്‍ ഖാന്‍ (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോഴിക്കോട്, നല്ലളത്തെ ഹനീഫിന്റെ പരാതിയില്‍ നല്ലളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. ഹനീഫ് ആഭരണ നിര്‍മ്മാണ കമ്പനിയുടെ ഉടമയും ഗള്‍ഫിലെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്. ഗള്‍ഫില്‍ വച്ചാണ് ശ്രദ്ധ എന്ന ഫിര്‍ദ്ദയുമായി ഹനീഫ് പരിചയത്തിലായത്. വ്യാഴാഴ്ച കോഴിക്കോട്ടെത്തിയ ഫിര്‍ദ്ദയും സല്‍മാഖാദറും പരാതിക്കാരനായ ഹനീഫയെ സന്ദര്‍ശിക്കുകയായിരുന്നു. 200 ഗ്രാം സ്വര്‍ണ്ണം വാങ്ങാനെന്ന പേരിലാണ് യുവതികള്‍ എത്തിയത്. 18 ലക്ഷം രൂപ നല്‍കി വാങ്ങിയ സ്വര്‍ണ്ണം മുംബൈയില്‍ എത്തിച്ചാല്‍ 60,000 രൂപ ലാഭം കിട്ടുമെന്നാണ് യുവതികള്‍ പറയുന്നത്. എന്നാല്‍ പണംനല്‍കാതെ മുങ്ങുകയായിരുന്നുവെന്നാണ് ഹനീഫ നല്ലളം പൊലീസില്‍ നല്‍കിയ പരാതി. ഇടപാടുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയില്‍ താന്‍ മൂത്രമൊഴിക്കാന്‍ പോയ സമയത്താണ് സ്വര്‍ണ്ണവുമായി ഇരുവരും രക്ഷപ്പെട്ടതെന്നും ഹനീഫ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത നല്ലളം പൊലീസ് വിവരം ഉടന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവികളെ അറിയിച്ചു. തുടര്‍ന്ന് കണ്ണൂര്‍ പൊലീസ് ദേശീയ പാതയിലൂടെ കടന്നു പോയ മുഴുവന്‍ വാഹനങ്ങളെയും അരിച്ചു പെറുക്കി പരിശോധിച്ചുവെങ്കിലും യുവതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതികള്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കാസര്‍കോട് പൊലീസിനു ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ വരുണിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സൗത്തില്‍ വാഹന പരിശോധന ആരംഭിച്ചു. ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിനിടയില്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള ടാക്‌സി കാര്‍ കാഞ്ഞങ്ങാട് നഗരത്തെ ലക്ഷ്യം വച്ചു നീങ്ങി. കാറിന്റെ നീക്കത്തില്‍ സംശയം തോന്നിയ എസ്‌ഐ ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കുതിച്ചെത്തി പുതിയ കോട്ടയില്‍ റോഡ് ബ്ലോക്ക് ചെയ്ത് കാര്‍ പിടികൂടുകയായിരുന്നു. യാത്രക്കാരായ യുവതികളെ വനിതാ പൊലീസിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ 200 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി. യുവതികള്‍ പിടിയിലായ വിവരം നല്ലളം പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തിയ നല്ലളം പൊലീസ് യുവതികളെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.
മംഗ്‌ളൂരു എയര്‍പോര്‍ട്ടിലേക്ക് പോകണമെന്നു പറഞ്ഞാണ് വിനു എന്നയാളുടെ ടാക്‌സി യുവതികള്‍ വാടകക്ക് വിളിച്ചത്. ഡീസല്‍ അടിക്കുന്നതിന് 2000 രൂപയും നല്‍കിയിരുന്നുവെന്നു ഡ്രൈവര്‍ വിനു പൊലീസിനു മൊഴി നല്‍കി.
