കാസര്‍കോട്: ബളാലില്‍ ഭൂതപ്പാനിയുടെ ആക്രമണം. രണ്ടു പേരെ ഗുരുതര നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനകപ്പള്ളി, ചാമക്കാലില്‍ തോമസ് (52), ക്ലായിക്കോട്ടെ സുജിത്ത് (55) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ബളാല്‍, അത്തിക്കടവിലാണ് സംഭവം. മരംമുറി തൊഴിലാളികളാണ് ആക്രമത്തിനു ഇരയായത്. വ്യാഴാഴ്ച തുടങ്ങിയ പണി വെള്ളിയാഴ്ച രാവിലെ ഏഴു പേരടങ്ങുന്ന സംഘം പുനരാരംഭിച്ചതിനു പിന്നാലെ ഭൂതപ്പാനികള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. തൊഴിലാളികളില്‍ ഒരാള്‍ വെള്ളത്തില്‍ ചാടിയെങ്കിലും ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.







