-പി പി ചെറിയാന്‍
ന്യൂയോര്‍ക്: ഒരു പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരനെ വിമര്‍ശിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം,തന്റെ ഇന്ത്യന്‍ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയെന്നാരോപിച്ച് യുഎസ് പത്രപ്രവര്‍ത്തകന്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു
യുഎസിലെ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി സൈബര്‍ സുരക്ഷ റിപ്പോര്‍ട്ട് ചെയ്യുന്ന റാഫേല്‍ സാറ്ററിന് 2023 ഡിസംബര്‍ ആദ്യം ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചു, ഇന്ത്യയുടെ പ്രശസ്തിക്ക് ‘ദുരുദ്ദേശ്യപരമായി’ കളങ്കം വരുത്തിയതിന് അദ്ദേഹത്തിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കിയെന്ന അറിയിപ്പായിരുന്നു അതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്കോ ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിച്ചവര്‍ക്കോ ആണ് ഒസിഎ പദവി നല്‍കുന്നത്. കൂടാതെ ഇന്ത്യയില്‍ വിസ രഹിത യാത്ര, താമസം, തൊഴില്‍ എന്നിവയും അനുവദിക്കുന്നുണ്ട്. വിവാഹത്തിലൂടെയാണ് സാറ്ററിന് ഒസിഎ ലഭിച്ചത്. ഒസിഐ പദവി റദ്ദാക്കിയതോടെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലേക്ക് ഇനി യാത്ര ചെയ്യാന്‍ കഴിയില്ല.
‘ശരിയായ അനുമതിയില്ലാതെ പത്രപ്രവര്‍ത്തനം നടത്തിയതിനും’ ‘അന്താരാഷ്ട്ര രംഗത്ത് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികൂലവും പക്ഷപാതപരവുമായ അഭിപ്രായം സൃഷ്ടിച്ചതിനും’ അദ്ദേഹത്തിന്റെ ഒസിഐ പദവി റദ്ദാക്കിയതായി സാറ്ററിന് അയച്ച കത്തില്‍ പറയുന്നു.
സാറ്ററുടെ പത്രപ്രവര്‍ത്തനം ഇന്ത്യയ്ക്ക് ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കിയതിനെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് വ്യക്തമായ വിവരങ്ങളൊന്നും നല്‍കിയില്ല. സാറ്ററുടെ കേസിന്റെ ആദ്യ കോടതി വാദം ഈ ആഴ്ച ഡല്‍ഹിയില്‍ നടന്നു. സര്‍ക്കാര്‍ തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘തെറ്റായതോ തെറ്റിദ്ധാരണയുടെയോ’ ഫലമാണെന്നും തന്റെ അപ്പീലിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചതെന്നും സാറ്റര്‍ പറയുന്നു