കുമ്പള ടൗണിന്റെ വാതിലടയ്ക്കരുതേ: രോദനവുമായി കുമ്പള

കുമ്പള: ദേശീയപാത നിര്‍മ്മാണം പുരോഗമിക്കവെ സപ്തഭാഷ സംഗമ ഭൂമിയുടെ കവാടം അടയ്ക്കരുതേ എന്ന അപേക്ഷയുമായി ജനപ്രതിനിധികളും, രാഷ്ട്രീയക്കാരും പൗരസമിതിയും, വ്യാപാരികളും രംഗത്ത്.
കുമ്പള ടൗണിലൂടെ പോകുന്ന ആറുവരിപ്പാത പൂര്‍ത്തിയായാല്‍ ടൗണിലേക്കുള്ള വാതിലടയുമെന്നാണ് നാട്ടുകാരുടെയും, വ്യാപാരികളുടെയും നേരത്തെയുള്ള പരാതി. ദേശീയപാത നിര്‍മ്മാണം തുടങ്ങിയത് മുതലുള്ള നാട്ടുകാരുടെയും, വ്യാപാരികളുടെയും ഈ ആശങ്ക ബന്ധപ്പെട്ടവര്‍ ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും ഉണ്ട്. ജില്ലയില്‍ ഒരു ടൗണും അടച്ചിട്ടുള്ള ദേശീയപാത നിര്‍മ്മാണം എവിടെയും ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു. കുമ്പളയില്‍ മാത്രമാണ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായത്. ഈ വിഷയത്തില്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന കുമ്പള ഗ്രാമപഞ്ചായത്തും വേണ്ടത്ര ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
ടൗണിലേക്കുള്ള കവാടം അടച്ച് ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ ടൗണില്‍ ഉണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിമാര്‍ക്കും, ദേശീയപാത അതോറിറ്റിക്കും, ജനപ്രതിനിധികള്‍ക്കും ജില്ലയിലെ രാഷ്ട്രീയ-സന്നദ്ധ സംഘടനകളും പൗരസമിതിയും, വ്യാപാരികളും നിവേദനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.
കുമ്പളയിലെ വ്യവസായ വാണിജ്യ കേന്ദ്രങ്ങളായ എച്ച്എഎല്‍, കിന്‍ഫ്ര, അനന്തപുരം എന്നിവിടങ്ങളിലേക്ക് ചരക്കു വണ്ടികള്‍ ടൗണ്‍ വഴി പോകാന്‍ നിലവിലെ നിര്‍മ്മാണ രീതിയില്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. വാഹനാപകടങ്ങളു ണ്ടായാല്‍ പൊലീസ് വണ്ടികള്‍ക്കും, അത്യാഹിത ഘട്ടത്തില്‍ രോഗികളെയും കൊണ്ടുള്ള ആംബുലസുകള്‍ക്കും, തീപിടുത്തമുണ്ടായാല്‍ ഫയര്‍ ഫോഴ്‌സിനും യഥാസമയം ടൗണിലെ വിവിധ സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ കാലതാമസം നേരിടും. പ്രസിദ്ധമായ അനന്തപുരം പത്മനാഭ ക്ഷേത്രം, കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഭക്തജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാനും പ്രയാസമുണ്ടാകും. ഈ വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗിരിക്ക് കഴിഞ്ഞദിവസം നേരിട്ട് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഈമെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ടെന്നു പറയുന്നു. അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പൗരസമിതി എല്‍കെ അശ്വനിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. മൊഗ്രാല്‍ ദേശീയവേദി കേന്ദ്രമന്ത്രിക്കും, എംപിക്കും പരാതി നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page