പ്രക്കാനത്തെ ആളുകള്‍ക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു.
വെളുത്ത നിറമുള്ള വ്യക്തികളെ കറുത്തമ്പു കാരിക്കുട്ടി കാരിച്ചി, കറുത്ത നിറമുള്ള ആളുകളെ വെളുത്തമ്പു, വെള്ളച്ചി എന്നിങ്ങനെയൊക്കെയാണ് പേരിടല്‍. ഈ പ്രദേശത്തിന്റെ തെക്കുഭാഗത്ത് താമസിക്കുന്ന ചെറിയക്കന്‍,
വാണിയന്‍ കണ്ണന്‍ എന്നിവരും, വടക്കുഭാഗത്തെ കാരിക്കുട്ടിയും സാമ്പത്തികമായി ഉയര്‍ന്ന ഭദ്രത ഉള്ളവരായിരുന്നു.
വലിയ ഭൂ ഉടമയായ കാരിക്കുട്ടി തന്റെ ഭൂമിയില്‍ വീടുകെട്ടി താമസിക്കാന്‍ ചിലര്‍ക്ക് അനുവാദം നല്‍കിയിരുന്നു. നങ്കന്‍ രാമന്‍, തവളച്ചന്തു, കറുത്ത കണ്ണന്‍ എന്നിവര്‍ക്കു അടുത്തടുത്തായി കുടില്‍ കെട്ടി താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തിരുന്നു. ചെറിയക്കന്‍ മുസോര്‍ക്ക് എഴുത്തും വായനയൊന്നുമറിയില്ല.
സ്വത്തും പണവും ഇഷ്ടം പോലെയുണ്ട്. പക്ഷേ ആരെയും സഹായിക്കില്ല. കടം ചോദിച്ചാല്‍ കൊടുക്കുകയുമില്ല.
ഒറ്റ തോര്‍ത്തു മുണ്ടിലാണ് ജീവിതം. നടക്കുമ്പോള്‍ കൈവിരലുകള്‍ കൊണ്ട് കണക്കുകൂട്ടുന്നത് കാണാം.
കുരുമുളകിന് ഏറ്റവും കൂടുതല്‍ വിലകിട്ടിയ കാലത്തൊക്കെ പണം വീട്ടില്‍ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വെക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്. പക്ഷേ അച്ഛന്റെ പണം മോഷ്ടിച്ചെടുക്കാന്‍ മിടുക്കരായിരുന്നു അദ്ദേഹത്തിന്റെ മക്കള്‍. കണക്കും കാര്യവും അറിയാത്തതിനാല്‍ കളവു പോവുന്നതിനെക്കുറിച്ചൊന്നും അദ്ദേഹത്തിന് പിടിപാടില്ലായിരുന്നു.
വേറൊരു ഭൂവുടമയായിരുന്ന കണ്ടോത്തമ്പു നല്ല കര്‍ഷകനും മക്കളെ പഠിപ്പിക്കുന്നതില്‍ തല്‍പരനുമായിരുന്നു.
ആണ്ടിയുടെ കൂട്ടുകാരൊക്കെ ഓരോരോ മേഖലയില്‍ ഒതുങ്ങിക്കൂടാന്‍ താല്‍പര്യമുള്ളവരായി മാറി തുടങ്ങി.
പഴയ ചുറുചുറുക്കും ആവേശവും ക്രമേണ കെട്ടടങ്ങി. ആണ്ടിക്കും ഏഴു മക്കളുണ്ടായി.
പണ്ട് കൈനോട്ടക്കാരി പറഞ്ഞതല്ല ശരിയെന്ന് ആണ്ടി തെളിയിച്ചു. പാറ്റയുടെ അമ്മക്ക് പ്രായാധിക്യത്താല്‍ രോഗം മൂര്‍ച്ഛിച്ചു. അവരുടെ പ്രായത്തിലുള്ള കൊക്കാലിലെ ബീപാത്തുമ്മ, ഉച്ചന്‍ വളപ്പിലെ ആമിന ഉമ്മ എന്നിവരൊക്കെ മരിച്ചു.
നരച്ചു പുളിച്ചാണ് അവരൊക്കെ മരിച്ചത്. എത്ര വയസ്സാണെന്നോ എന്ത് രോഗം കൊണ്ടാണ് മരിച്ചതെന്നോ ആര്‍ക്കുമറിയില്ല. അതേ പ്രായമുള്ള സ്ത്രീയാണ് പാറ്റയുടെ അമ്മകാരിച്ചിയും. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കാരിച്ചി മരിച്ചു പോയി. അക്കാലത്ത് ശവം ദഹിപ്പിക്കുന്ന ഏര്‍പ്പാടൊന്നുമില്ല. പറമ്പിന്റെ ഏതെങ്കിലും ഭാഗത്ത് കുഴിയെടുത്തു മണ്ണിട്ടു മൂടുകയാണ് പതിവ്. ഒടുവില്‍ കാരിച്ചിയും മണ്ണിലേക്കു മടങ്ങി. ആണ്ടിയുടെയും അസിനാര്‍ക്കയുടെയും പറമ്പുകളുടെ ഇടയിലുള്ള കിളയിലാണ് കല്ലിടാമ്പിയുള്ളത്. എങ്ങനെയാണ് കരിങ്കല്‍ കൂട്ടം അവിടെ ഉണ്ടായതെന്നറിയില്ല. ആനയോളം വലുപ്പമുള്ള കരിങ്കല്‍ പാറയാണ് ഇരുപുറവും.
പാറപൊട്ടിച്ച് കഷ്ടിച്ച് ഒരാള്‍ക്കു കടന്നുപോവാന്‍ പറ്റുന്ന വിടവു മാത്രമെ അതിലൂടെയുള്ളു.
കിളയുടെ ഇരുപുറവും കൂര്‍ത്ത് മൂര്‍ത്ത വലിയ കരിങ്കല്‍ ചീളുകളുമുണ്ട്. കയ്യാലയ്ക്ക് പറ്റി നില്‍ക്കുന്ന കരിങ്കല്‍ പാറകളുടെ ഇടയില്‍ വലിയ വിടവുകളുണ്ട്. പാമ്പ്, മുള്ളന്‍പന്നി തുടങ്ങിയ ക്ഷുദ്രജീവികളുടെ താവളവുമാണത്.
രാത്രിയായാല്‍ കല്ലിടാമ്പിയിലൂടെ കടന്നുപോവുക എന്നത് ഭയാനകമായ കാര്യമായിരുന്നു.
അതിനെന്താണ് പരിഹാരമെന്ന്, ആണ്ടി തല പുകയ്ക്കാന്‍ തുടങ്ങി. പഞ്ചായത്തിന്റെ സഹായമില്ലാതെ പൊതു വഴിയില്‍ എന്തെങ്കിലും നിര്‍മ്മാണ പരിപാടി നടത്താനും പറ്റില്ല. ആണ്ടി സുഹൃത്തുക്കളുടെ സഹായത്താല്‍ കല്ലിടാമ്പിയില്‍ ഒരു വഴിവിളക്ക് സ്ഥാപിക്കാന്‍ അപേക്ഷ കൊടുത്തു. കാര്യം ബോധ്യപ്പെട്ട പഞ്ചായത്ത് വഴിവിളക്ക് വെക്കാന്‍ തയ്യാറായി.
വലിയാരു മരത്തൂണ്‍ അതിന് മുകളില്‍ റാന്തല്‍ വെക്കാന്‍ പലക.പലകയെ മൂടിക്കൊണ്ട് ഗ്ലാസ് കൂട് ഇതൊക്കെ റെഡിയാക്കി. പക്ഷെ പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല. മണ്ണണ്ണ വിളക്ക് ആയത് കൊണ്ട് എല്ലാ ദിവസവും മണ്ണെണ്ണ നിറച്ച്, ഗ്ലാസ് തുടച്ച് വിളക്ക് കത്തിക്കണം. അതിന്റെ ചുമതല ആരെടുക്കുമെന്നായി പഞ്ചായത്തുകാരുടെ ചോദ്യം.
ആരും ഒന്നും മിണ്ടാതായപ്പോള്‍ ആണ്ടി തന്നെ എഴുന്നേറ്റു നിന്ന് ഉറക്കെ പറഞ്ഞു
‘ആ കാര്യം ഞാന്‍ ചെയ്‌തോളാം. എല്ലാവരും കയ്യടിയോടെ ആണ്ടിയുടെ വലിയ മനസ്സിനെ അഭിനന്ദിച്ചു.
ആദ്യദിനം വഴിവിളക്കിന്റെ വെളിച്ചം കാണാന്‍ നാട്ടുകാരെല്ലാം കല്ലിടാമ്പി പ്രദേശത്തെത്തിയിരുന്നു.
ഒരു വലിയ ജനോപകാരപ്രദമായ പ്രവൃത്തി സ്വയം സന്നദ്ധമായി ചെയ്യാന്‍ മുന്നോട്ടു വന്ന ആണ്ടിയെ എല്ലാവരും അഭിനന്ദിച്ചു. ഇത്രയൊക്കെ കാര്യങ്ങള്‍ നാടിനുവേണ്ടി ചെയ്ത സംതൃപ്തിയോടെ ആണ്ടി മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കെ അവിചാരിതമായി ഒരു സംഭവമുണ്ടാകുന്നു. പെങ്ങളും മകളും ആണ്ടിയുടെ ഭാര്യയും മക്കളും ഒന്നിച്ച് സന്തോഷത്തോടെ കഴിഞ്ഞു വരുകയായിരുന്നല്ലോ. പെട്ടെന്നൊരു ദിവസം പെങ്ങള്‍ക്ക് വല്ലാത്തൊരു ഭാവം.
ശരീരം കൊണ്ട് പല തരം ഗോഷ്ടികള്‍ കാണിക്കുകയും എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യുന്നു. പോരാത്തതിന് പറമ്പു മുഴുക്കെ ഉള്ള ഓട്ടവും. ആര്‍ക്കും വഴങ്ങിക്കൊടുക്കാത്ത അവസ്ഥ. എങ്ങനെയും പിടിച്ചു നിര്‍ത്താന്‍ പറ്റുന്നില്ല. അയല്‍ക്കാരൊക്കെ പല അഭിപ്രായങ്ങളും പറയാന്‍ തുടങ്ങി. മരിച്ചു പോയ ആരുടേയോ ആത്മാവ് ശരീരത്തില്‍ പ്രവേശിച്ചതായിരിക്കാമെന്ന് ചിലര്‍. കുളിപ്പാറയിലൂടെ ഉച്ച സമയത്ത് കാലികളെ മേയ്ക്കാന്‍ കൊണ്ടുപോയപ്പോള്‍ അവിടുത്തെ പഴയ മണ്‍മറഞ്ഞുപോയവരുടെ പ്രവൃത്തിയായിരിക്കാമെന്ന് വേറെ ചിലര്‍.
അതിന് പിശാചുക്കളെ ഒഴിപ്പിക്കാനുള്ള മന്ത്രവാദമല്ലാതെ മറ്റ് വഴികളില്ലെന്ന് ആണ്ടിയെ അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു. പക്ഷെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കൊന്നും നിന്നു കൊടുക്കുന്ന ആളല്ലല്ലോ ആണ്ടി.
ഇത് മാനസികവിഭ്രാന്തി തന്നെ. അടങ്ങി നില്‍ക്കുന്നില്ലെങ്കില്‍ തളച്ചിടാനെ പറ്റൂ.
ആണ്ടിയുടെ തീരുമാനം ഉറച്ചതായിരുന്നു. നിവൃത്തിയില്ലാതെ ആണ്ടിയുടെ അഭിപ്രായത്തിന് എല്ലാവരും പിന്തുണച്ചു. ഒന്നു രണ്ടു മാസക്കാലം മുറിയില്‍ പൂട്ടിയിടേണ്ടിവന്നു.
അത് കൊണ്ട് ഏറ്റവും കൂടുതല്‍ വിഷമിച്ചത് മാധവിയാണ്. അതോടെ കണ്ണനും പ്രതിസന്ധിയിലായി.
