കാസര്‍കോട്: വീടു പൂട്ടി കുടുംബം ബന്ധുവീട്ടിലെ നോമ്പു തുറയ്ക്കു പോയ സമയത്ത് കവര്‍ച്ച; മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. മേല്‍പ്പറമ്പ്, കൈനോത്തെ ഗള്‍ഫുകാരന്‍ കെ. മുജീബിന്റെ മര്‍ജാന മന്‍സിലില്‍ ബുധനാഴ്ചയാണ് കവര്‍ച്ച നടന്നത്. വൈകുന്നേരം മുജീബും കുടുംബവും വീടു പൂട്ടി പള്ളിക്കരയിലെ ബന്ധുവീട്ടിലേക്ക് നോമ്പു തുറയ്ക്കു പോയതായിരുന്നു. രാത്രി 11 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീട്ടില്‍ പരിശോധന നടത്തി. കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന ഏതാനും വിരലടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ആരെങ്കിലുമായിരിക്കും കവര്‍ച്ചയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.
