കൊച്ചി: കാസര്‍കോട്, രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, കല്ലപള്ളിയിലെ മുദ്ദപ്പ ഗൗഡ (52) കൊലക്കേസില്‍ പ്രതികളായ അമ്മയുടെയും മകന്റെയും ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കല്ലപ്പള്ളി സ്വദേശികളായ പി.സി ലളിത, മകന്‍ നിതിന്‍ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് വി. രാജ വിജയ രാഘവന്‍, ജസ്റ്റിസ് പി.വി ബാല കൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ലളിതയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുദ്ദപ്പ ഗൗഡ. പറമ്പിലെ കുളത്തില്‍ നിന്നു വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ 2011 മാര്‍ച്ച് നാലിന് പ്രതികള്‍ വെട്ടിയും മര്‍ദ്ദിച്ചും മുദ്ദപ്പയെ കൊലപ്പെടുത്തിയെന്നാണ് രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് വെറുതെ വിട്ടു കൊണ്ടു ഹൈക്കോടതി ഉത്തരവായത്.
കൊലക്കേസുകളില്‍ മൃതദേഹ പരിശോധന നടത്തുന്ന ഡോക്ടര്‍ നല്‍കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എല്ലായ്‌പ്പോഴും തെളിവായി മാറില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടര്‍ എഴുതി നല്‍കുന്ന പ്രാഥമിക പ്രസ്താവന മാത്രമാണത്. കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ എങ്ങനെ ഉണ്ടായി, മരണകാരണം എന്ത് തുടങ്ങിയ നിഗമനങ്ങള്‍ കൂടി വ്യക്തമാക്കിയാലേ പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ഉറച്ച തെളിവായി മാറുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. മുഖ്യസാക്ഷിയും കൊല്ലപ്പെട്ട ആളുടെ മകനുമായ യുവാവിന്റെ വിശ്വാസ യോഗ്യമല്ലാത്ത വിവരണത്തിനു അനുസരിച്ചു ”തുന്നി ചേര്‍ത്ത” കേസാണിതെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
