കാസർകോട്: സ്കൂട്ടറിൽ കാറിടിച്ച് അധ്യാപികയ്ക്കും മകൾക്കും പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയി. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെ കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിൽ ഭാസ്കര നഗറിലാണ് അപകടം. ഭാസ്കര നഗറിലെ സന്തോഷിന്റെ ഭാര്യയും കുമ്പള ഗവ.സീനിയർ ബേസിക് സ്കൂളിലെ അധ്യാപികയുമായ കനകലക്ഷ്മി (45 ), മകൾ സാഹിത്യ(14) എന്നിവർക്കാണ് പരിക്ക്. ഇവരെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിൽ പോകുമ്പോഴാണ് അപകടം. ഓവർടേക്ക് ചെയ്തു വന്ന കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ രണ്ടുപേരെയും ഓടി കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ ഇടിച്ചിട്ട ഗ്രേ കളറിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയി. അധ്യാപികയുടെ നട്ടെല്ലിനും മുഖത്തും ആണ് പരിക്ക്. ഒരു പല്ല് കൊഴിഞ്ഞു പോയിരുന്നു. വിദ്യാർത്ഥിനിക്കും കാര്യമായ പരിക്കുണ്ട്. സംഭവത്തിൽ കേസെടുത്ത കുമ്പള പൊലീസ് ഇടിച്ചിട്ട വാഹനം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
