കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെയും കൂട്ടി പിലാത്തറയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെത്തിയ 18കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഷാനു (18)വിനെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കോഴിക്കോട്, ഏലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ധനിക കുടുംബത്തിലെ ഏക മകളാണ് പെണ്‍കുട്ടി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നുവെന്നു പറയുന്നു. തിരുവനന്തപുരത്ത് നിന്നും ബൈക്കുമായി കോഴിക്കോട്ടെത്തിയ ഷാനു ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയെയും കൂട്ടി കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു. പിന്നീട് പിലാത്തറയില്‍ എത്തിയ ഇരുവരെയും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഒരു വീട്ടില്‍ നാട്ടുകാര്‍ കാണുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് ഇരുവരുടെയും ഒളിച്ചോട്ടം സംബന്ധിച്ച വിവരം വ്യക്തമായത്. പരിയാരം പൊലീസ് ഏലത്തൂര്‍ പൊലീസിനെ വിവരം അറിയിച്ചു. അപ്പോഴേക്കും പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ചുള്ള പരാതി അവിടെ ലഭിച്ചിരുന്നു. തുടര്‍ന്ന് ഏലത്തൂര്‍ പൊലീസ് പരിയാരത്തെത്തി ഇരുവരെയും കൊണ്ടു പോയി.
