-പി പി ചെറിയാന്‍
ഡാളസ്: മറ്റുള്ളവരുടെ സ്വകാര്യ ദുഃഖങ്ങളെ പര്‍വ്വതീകരിച്ച് കാണിക്കുന്ന ആപത്കരമായ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നു തീയോഡോഷ്യസ് മെത്രാപ്പോലീത്ത സമൂഹ്യ മാധ്യമങ്ങളെ അറിയിച്ചു.
അനേകരുടെ വിലപ്പെട്ട ജീവിതം ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഈ പ്രവണത മാറിക്കഴിഞ്ഞുവെന്നു ഡാളസ,് സെന്റ് പോള്‍ ചര്‍ച്ചില്‍ നടന്ന സന്ധ്യാനമസ്‌കാരത്തില്‍ അദ്ദേഹം പറഞ്ഞു.
ഇതിന് ഏക പരിഹാരം സഹോദരന്റെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള ആര്‍ജ്ജവം നാമോരുത്തരും സ്വായത്തമാക്കുകയെന്നതാണെന്ന് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തീയോഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.
അപൂര്‍ണ്ണമായ മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കുന്നതിനാണ് യേശുക്രിസ്തു മനുഷ്യാവതാരം എടുത്ത് ജാതനായതും മൂന്നര വര്‍ഷത്തെ പരസ്യ ശുശ്രുഷക്കു ശേഷം ക്രൂശു മരണത്തിനു സ്വയം ഏല്‍പിച്ചുകൊടുത്തതും മൂന്നാം നാള്‍ മരണത്തെ കീഴ്‌പെടുത്തി ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് കരേറിയതെന്നുമെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു-അദ്ദേഹം പറഞ്ഞു.
മാര്‍ത്തോമാ മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി ഷൈജു സി ജോയ്, ട്രസ്റ്റീ ജോണ്‍ മാത്യു, സെക്രട്ടറി സോജി സ്‌കറിയാ, വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം, അക്കൗണ്ടന്റ് സക്കറിയാ തോമസ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗായക സംഘത്തിന്റെ ഗാന ശുശ്രുഷക് ശേഷം നടന്ന സന്ധ്യ നമസ്‌കാരത്തിനു മെത്രാപ്പോലീത്ത മുഖ്യ കാര്‍മീകത്വം വഹിച്ചു. ഇടവക വികാരി റവ. അലക്‌സ് യോഹന്നാന്‍, റവ. ഷൈജു സി ജോയ്, രാജന്‍ കുഞ്ഞു ചിറയില്‍, ടെനി കൊരുത് എന്നിവര്‍ സഹ കാര്‍മീകരായിരുന്നു. നിക്കി, ക്രിസ്റ്റിന എന്നിവര്‍ പാഠഭാഗം വായിച്ചു. ഇടവക വികാരി ഷൈജു സി ജോയ്, സെക്രട്ടറി സോജി സ്‌കറിയ പ്രസംഗിച്ചു.