Author : നാരായണന്‍ പേരിയ
ഈ മാഷ് ക്ലാസില്‍ കുട്ടികളോട് വേണ്ടാത്തത് ചോദിക്കുന്നു-ഇത് കൊള്ളില്ല.
എന്നെപ്പറ്റിയാണ് സഹാധ്യാപകന്റെ ആരോപണം; സ്റ്റാഫ് റൂമില്‍ വച്ച്. അധ്യാപകരുടെയെല്ലാം നോട്ടം എന്റെ നേര്‍ക്കായി. എന്താണ് ക്ലാസില്‍ നടന്നത്? എന്ത് വേണ്ടാതീനമാണ് ഞാന്‍ കുട്ടികളോട് ചോദിച്ചത്.
ഞാന്‍ പറഞ്ഞു; നിങ്ങളില്‍ ആരുടെയെല്ലാം രക്ഷാകര്‍ത്താക്കളാണ് പുകവലിക്കാറുള്ളത്? മദ്യപിക്കാറുള്ളത്? ഞാന്‍ ക്ലാസില്‍ ചോദിച്ചു: നിങ്ങളും അതില്‍ പങ്കു ചേരാറുണ്ടോ? സത്യം പറയണം. കുറേ കുട്ടികള്‍ എഴുന്നേറ്റു നിന്ന് സത്യം പറഞ്ഞു. അച്ഛന്‍ പുകവലിക്കാറുണ്ട്; മദ്യപിക്കാറുണ്ട്. ചിലരുടെ അമ്മയും പങ്കുചേരാറുണ്ട്. തങ്ങളും സ്വാദ് നോക്കിയിട്ടുണ്ട്. അച്ഛന്‍ തനിക്കും മദ്യം തന്നു; താനും വാങ്ങിക്കഴിച്ചു. ഒരു പെണ്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്ന സഹാധ്യാപകന്റെ മകളാണ് ആ പെണ്‍കുട്ടി. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരിക്കുമ്പോള്‍ സ്‌കൂള്‍ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ അവള്‍ ഇക്കാര്യവും പറഞ്ഞു. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.
ഇത് വേണ്ടാ മാഷേ-താക്കീതിന്റെ ഭാവത്തില്‍ എന്നോട് പറഞ്ഞു. എല്ലാ അധ്യാപകരുടെയും നോട്ടം എന്റെ നേര്‍ക്കായി. എന്തിനാണ് ആവശ്യമില്ലാത്ത കാര്യം ക്ലാസില്‍ ചോദിച്ചത് എന്ന ഭാവത്തില്‍.
എന്താണുണ്ടായത് എന്ന് ഞാന്‍ പറഞ്ഞു: എട്ടാം തരത്തിലേക്കുള്ള മലയാളം പാഠപുസ്തകത്തില്‍, കളവും പ്രായശ്ചിത്തവും എന്ന ഒരു പാഠമുണ്ട്. മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ ഒരു ഭാഗം. അദ്ദേഹത്തിനു പതിനഞ്ച് വയസ്സ് തികയാത്ത കാലത്തെ അനുഭവം. സഹപാഠികളില്‍ ചിലര്‍ പുകവലിക്കാറുണ്ടായിരുന്നു. ബീഡിയും സിഗരറ്റും മറ്റും. വീട്ടില്‍ മോഹന്‍ദാസിന്റെ ഇളയച്ഛനും പുകവലിക്കാറുണ്ടായിരുന്നു. ഇളയച്ഛന്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ മോഹന്‍ദാസ് പെറുക്കിയെടുത്ത് വലിക്കും. ചെറിയ ‘കുറ്റി’ യായത് കൊണ്ട് അധികം പുക കിട്ടുകയില്ല. സ്‌കൂളിലെ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പുകവലിക്കും. ബീഡി വാങ്ങാന്‍ പണമില്ല. വീട്ടിലെ വേലക്കാരന്റെ പണം കട്ടെടുത്ത് ബീഡി വാങ്ങി. കുറേ കഴിഞ്ഞപ്പോള്‍, താന്‍ ചെയ്യുന്നത് തെറ്റാണെന്നു തോന്നി. വല്ലാത്ത കുറ്റബോധം. തെറ്റുകുറ്റങ്ങള്‍ പിതൃസമക്ഷം ഏറ്റു പറയണമെന്നു തീരുമാനിച്ചു. നേരിട്ട് പറയാന്‍ ധൈര്യമില്ലാതെ എല്ലാം ഒരു കടലാസില്‍ എഴുതി. രോഗശയ്യയിലുള്ള പിതാവിന്റെ കൈയില്‍ വച്ചു. അച്ഛന്‍ അത് വായിച്ചു. ഒന്നും പറയാതെ അദ്ദേഹം കണ്ണീരൊഴുക്കി. ചെയ്തു പോയ കുറ്റം ഏറ്റു പറഞ്ഞ് മാപ്പ് ചോദിച്ച സ്ഥിതിക്ക് ഇനിയൊരിക്കലും മകന്‍ തെറ്റ് ആവര്‍ത്തിക്കുകയില്ല എന്ന് അച്ഛന് തോന്നി.
ആത്മകഥയിലെ ഈ ഭാഗം പഠിപ്പിച്ച ശേഷം ഞാന്‍ കുട്ടികളോട് ചോദിച്ചു, നിങ്ങളില്‍ ആരെങ്കിലും പുകവലിച്ചിട്ടുണ്ടോ? മദ്യപിച്ചിട്ടുണ്ടോ? കുറേ കുട്ടികള്‍ കൈപൊക്കി. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും. വീട്ടില്‍ അച്ഛനും അമ്മയും മദ്യപിക്കാറുണ്ട്. അവരോടൊപ്പം മക്കളും. എന്റെ ചോദ്യത്തിനു അവര്‍ മറുപടി നല്‍കി. സത്യസന്ധമായ മറുപടി. പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണ്. രണ്ടും വര്‍ജിക്കണം. ഞാന്‍ ഉപദേശിച്ചു.
ഉപദേശിക്കാന്‍ എനിക്ക് അര്‍ഹതയും യോഗ്യതയുമുണ്ട്. ബിഡി, സിഗരറ്റ്, മദ്യം-ഒന്നും ഞാന്‍ ഇതേ വരെ ഉപയോഗിച്ചിട്ടില്ല 1972ലാണ് നേരത്തെ പറഞ്ഞ അനുഭവം. അന്നത്തെ എന്റെ വിദ്യാര്‍ത്ഥികളില്‍ എത്ര പേര്‍ എന്റെ ഉപദേശം പാലിച്ചു എന്നറിയില്ല.
കൂട്ടം ചേര്‍ന്നപ്പോള്‍ താനും-എന്ന് പറയുന്നതില്‍ യാതൊരു ന്യായവുമില്ല. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന എത്രയോ സുഹൃത്തുക്കള്‍ എനിക്കുണ്ട്. ലഹരിയുടെ കാര്യത്തില്‍ ഞാന്‍ പങ്കുചേര്‍ന്നിട്ടില്ല. അവര്‍ നിര്‍ബന്ധിക്കാറുമില്ല. ഉറച്ച നിലപാടുണ്ടാകേണ്ടത് അവരവര്‍ക്കാണ്.
ലഹരി ഗുണം ചെയ്യും എന്ന് ആരെങ്കിലും പറയാറുണ്ടോ? ഗുണകരമല്ല എന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും അത് വര്‍ജ്ജിക്കുന്നില്ല. ക്ലബ്ബുകള്‍ ലഹരി മേളയുടെ അരങ്ങാണ്. ടൂറിസം നല്ലൊരു വ്യവസായ സംരംഭമാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മദ്യശാലകള്‍ ഒരുക്കണം എന്ന് പറയുന്നു മന്ത്രിമാര്‍. മദ്യപിക്കാന്‍ വേണ്ടിയാണ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ആളുകള്‍ വരുന്നത് എന്ന് തോന്നും. പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് ബീഡി-സിഗരറ്റ് പായ്ക്കറ്റുകളുടെ പുറത്ത് എഴുതി വക്കണം. നിശ്ചിത വലിപ്പത്തില്‍ എന്ന് നിയമം. സിനിമയില്‍ പുക വലിക്കുന്ന ദൃശ്യത്തിനടുത്തും. ആരുടെ ബുദ്ധിയിലുദിച്ച ആശയമാണെന്നറിയില്ല ഇത്. ലഹരി വസ്തുക്കളുടെ തരം മാറി. അതിന്റെ ദോഷ സ്വഭാവവും മാറി.
മനനം ചെയ്യുന്നവന്‍ മനുഷ്യന്‍. മനനശേഷി കെടുത്തുന്നത് ലഹരി. മനുഷ്യനെ, മനുഷ്യനല്ലാതാക്കുന്നത് ലഹരി. ദോഷമാണെന്നറിഞ്ഞിട്ടും പുണരും. ഇതാണ് ലഹരിയുടെ സ്വഭാവം.
ലഹരി ഉളവാക്കുന്നതെന്തും ഉല്‍പാദിപ്പിക്കുന്നതും വ്യാപാരം നടത്തുന്നതും ഉപയോഗിക്കുന്നതും കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് നമ്മുടെ നാട്ടില്‍. നിയമം അപ്രകാരം അനുശാസിക്കുന്നു. എന്നിട്ടും യഥേഷ്ടം, നിര്‍ബാധം, ലഹരി.
പൊലീസ് റിപ്പോര്‍ട്ട് ശ്രദ്ധിക്കുക: കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കേരളത്തില്‍ നടന്ന 63 കൊലപാതകങ്ങളില്‍ പകുതിയും ലഹരിയുമായി ബന്ധമുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇങ്ങോട്ട് ലഹരി വസ്തുക്കള്‍ എത്തുന്നത്. കഴിഞ്ഞ മാസം 22 മുതല്‍ ഈ മാസം ഒന്നു വരെ-ഒരാഴ്ചക്കാലത്ത് പൊലീസ് പിടികൂടിയത് 1.31 കിലോ ഗ്രാം എംഡിഎംഎ. 153.56 കിലോഗ്രാം കഞ്ചാവ്. കൂടാതെ ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍ ഹഷീഷ് ഓയില്‍ ഇത്യാദികളും പിടികൂടി. 2854 പേര്‍ അറസ്റ്റു ചെയ്യപ്പെട്ടു.
ലഹരി ഉപഭോഗത്തിനെതിരെ ബോധവല്‍ക്കരണം-കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും. മക്കളെ ലഹരിയില്‍ നിന്നകറ്റാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ബോധമുണ്ടാകണം. എത്രകാലമായി ബോധവല്‍ക്കരണ യജ്ഞം നടത്തുന്നു. എന്നിട്ടും ലഹരിപ്രഹരം കുറവില്ല. ഇതൊരു മാറാവ്യാധി! ഒഴിയാബാധ! എന്ന് പറഞ്ഞ് ഒഴിഞ്ഞാലോ?