എന്തിന് നാട് വിട്ടു? നാട്ടിലെത്തിയ പെണ്‍കുട്ടികളുടെ രഹസ്യമൊഴിയെടുത്തു; നാടുവിടാന്‍ സഹായിച്ച യുവാവിനെ ചോദ്യം ചെയ്യുന്നു

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിട്ടു പോയി പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു.
മഹാരാഷ്ട്രയില്‍നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പെണ്‍കുട്ടികളെ തിരൂരിലെത്തിയത്. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. തിരൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ ശനിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താനൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ യുവാവിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പെണ്‍കുട്ടികള്‍ നാടുവിട്ട് പോകാനുള്ള കാരണമെന്താണ്, കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെനിന്ന് എന്നീകാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് എത്തിയ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തിയത്. പിന്നീട് കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് ആര്‍പിഎസ് കണ്ടെത്തുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page