കാസര്‍കോട്: ഹേരൂര്‍, മീപ്പിരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ കുമ്പള വെറ്ററിനറി ആശുപത്രിയില്‍ ചത്ത നായുടെ പോസ്റ്റുമോര്‍ട്ടം നടന്നു. വ്യാഴാഴ്ച രാത്രി 9.15 മണിയോടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തത്.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരൂര്‍, മീപ്പിരിയിലെ കൊറഗപ്പയുടെ നായയാണ് ചത്തത്. വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ഒരു സംഘം ആളുകള്‍ നായാട്ടിനായി സ്ഥലത്ത് എത്തിയിരുന്നെന്ന് കണ്ടെത്തി. വിവരത്തെ തുടര്‍ന്ന് എത്തിയ കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ ഗണേശന്‍, എ.എസ്.ഐ ബാബുരാജ് എന്നിവര്‍ പരിസരത്ത് കണ്ട ആളെയും ജീപ്പും കസ്റ്റഡിയിലെടുത്തു. കുണ്ടംകുഴി സ്വദേശി ഉണ്ണികൃഷ്ണ(48)നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് അറസ്റ്റുചെയ്തു. ജീപ്പിനകത്തു നടത്തിയ പരിശോധനയില്‍ രണ്ടു വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. സംഭവത്തില്‍ നായാട്ടു സംഘത്തില്‍ പെട്ട ഒന്‍പതുപേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
