കാസര്‍കോട്: മാന്യ, ഉള്ളോടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. രാത്രിയില്‍ മരത്തില്‍ കയറിയിരിക്കുകയായിരുന്ന പൂവന്‍ കോഴിയെ അജ്ഞാത ജീവി ആക്രമിച്ചു. ഉള്ളോടിയിലെ ഗണേശിന്റെ പൂവന്‍കോഴിയെ ആണ് ആക്രമിച്ചത്. ഈ കോഴി മറ്റു കോഴികള്‍ക്കൊപ്പം കൂട്ടില്‍ കയറാറില്ല. സന്ധ്യയാകുന്നതോടെ കൂട്ടിനു സമീപത്തെ മരത്തില്‍ കയറി കിടക്കുകയാണ് പതിവെന്ന് ഗണേശന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കോഴിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നു ഗണേശന്‍ കൂട്ടിച്ചേര്‍ത്തു.
ഇദ്ദേഹത്തിന്റെ പശുകിടാവിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. പുലിയിറങ്ങിയതാണെന്ന പ്രചരണങ്ങളെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പശുകിടാവിന്റെ ദേഹത്ത് കാണപ്പെട്ട മാന്തലിന്റെ പാടുകള്‍ പുലിയുടേത് അല്ലെന്നും മറ്റേതെങ്കിലും ജീവികളുടേതാകാമെന്നുമാണ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചത്. ഇതിനിടയിലാണ് തുടര്‍ച്ചയായി രണ്ടാം ദിവസം ഗണേശിന്റെ കോഴിക്ക് നേരെ അക്രമണം ഉണ്ടായത്.
