കണ്ണൂര്‍: കടയുമയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍, ചക്കരക്കല്ലില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ് കസ്റ്റഡിയില്‍ ടെയിനില്‍ നിന്നു രക്ഷപ്പെട്ടു. അസം ദുബരി, ഹര്‍ദി നാരയിലെ വ്യാപാരിയെ വെടിവച്ച കേസില്‍ പ്രതിയായ മൊയ്‌നൂല്‍ഹഖ് (33) ആണ് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി കേരള പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി.
അസമില്‍ വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കേരളത്തിലേയ്ക്ക് രക്ഷപ്പെട്ട മൊയ്‌നൂര്‍ഹഖ് കാഞ്ഞിരോട്, കുടുക്കിമൊട്ടയില്‍ അസം തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് കെട്ടിട നിര്‍മ്മാണജോലി നടത്തിവരികയായിരുന്നു. അസം പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഒളിത്താവളം കണ്ടെത്തി. കണ്ണൂരിലെത്തിയ അസം പൊലീസ് ചക്കരക്കല്ല് പൊലീസിന്റെ സഹായത്തോടെ തിങ്കളാഴ്ച നടത്തിയ റെയ്ഡിനിടയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. രാത്രിയോടെ പ്രതിയെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു. ഷൊര്‍ണ്ണൂരിലെത്തി അസമിലേയ്ക്ക് പോകാനായിരുന്നു പദ്ധതി. കൈകാലുകള്‍ ചങ്ങലകൊണ്ട് കെട്ടിയിട്ടാണ് മൊയ്‌നൂല്‍ ഹഖിനെ ട്രെയിനില്‍ ഇരുത്തിയിരുന്നത്. യാത്രയ്ക്കിടയില്‍ എസ് ഐയും ഉറങ്ങിപ്പോയ തക്കത്തില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം പൊലീസുകാര്‍ അറിയുന്നത്. ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോള്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.
