കാസര്‍കോട്: സംസ്ഥാന വ്യാപകമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനക്കുമെതിരെ പരിശോധന ശക്തമാക്കി. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം മൂലം വര്‍ധിച്ചു വരുന്ന അക്രമ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്കും തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന വ്യാപകമാക്കിയത്. കാസര്‍കോട് ജില്ലയില്‍ പത്തുദിവസത്തിനിടെ ആകെ 1807 പരിശോധന നടത്തിയതില്‍ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 135 പ്രതികളും 134 അറസ്റ്റും രേഖപ്പെടുത്തി. ആകെ 85.590 ഗ്രാം എം ഡി എം എ യും, 66.860 ഗ്രാം കഞ്ചാവും പിടികൂടി. ഇതിനു പുറമെ 11.470 ഗ്രാം കഞ്ചാവ് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പിടികൂടിയത് വളരെ ആശങ്കാജനകമാണ്. ഇവര്‍ക്കെതിരെ പൊലീസ് സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഫെബ്രുവരി 22 നു തുടങ്ങിയ സ്‌പെഷ്യല്‍ ഡ്രൈവ് മാര്‍ച്ച് മൂന്നുവരെയുള്ള കാണക്കുകളാണ് മേല്‍പറഞ്ഞത്.
