കാസര്‍കോട്: പത്താം ക്ലാസ് സെന്റ് ഓഫ് പാര്‍ട്ടിക്കിടെ കുട്ടികള്‍ക്കിടയില്‍ നിന്നും ലഹരി കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. 500 രൂപ ചെലവിട്ടാണ് ഏജന്റില്‍ നിന്നും കുട്ടികള്‍ കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ 100 മുതല്‍ 150 രൂപ നല്‍കി. 4 കുട്ടികളില്‍ നിന്നും 11.47 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ നിന്നും നാല് ആണ്‍കുട്ടികളുടെ കൈവശമാണ് ലഹരി ഉണ്ടായിരുന്നത്. സെന്റ് ഓഫ് പാര്‍ട്ടി നടക്കുന്ന സ്റ്റേജിന്റെ പിറകുവശത്ത് നിന്നുമാണ് പൊലീസ് കഞ്ചാവുമായി വിദ്യാര്‍ഥികളെ പിടികൂടിയത്.
വിദ്യാര്‍ഥികളാണ് കളനാട് സ്വദേശി സമീറില്‍ നിന്ന് കഞ്ചാവ് വാങ്ങിയെന്ന വിവരം പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പിടിയിലായ സമീര്‍ നേരത്തെയും ലഹരി മരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. അങ്ങനെയാണ് സെന്റ് ഓഫ് പാര്‍ട്ടിക്ക് ലഹരി ഉപയോഗം ഉണ്ടെന്ന വിവരം വ്യക്തമായത്. തുടര്‍ന്ന്
കാസര്‍കോട് സബ് ഇന്‍സ്പെക്ടര്‍ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പൊലീസ് അടക്കമുള്ള സംഘം സ്‌കൂളില്‍ പരിശോധന നടത്തി. സംശയം തോന്നിയ വിദ്യാര്‍ഥികളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് നല്‍കിയ സമീറിന്റെ പേര് പറയുകയും ചെയ്തു. ജില്ലയിലെ സൂചന ലഭിച്ച മറ്റു സ്‌കൂളുകളിലും പൊലീസ് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്.
