കാസര്‍കോട്: കണ്ണൂര്‍ തോട്ടട എസ് എന്‍ കോളേജില്‍ സമാപിച്ച കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് വിദ്യാര്‍ത്ഥി എ രാംപ്രസാദ് സംഗീതപ്രതിഭയായി. പങ്കെടുത്ത നാല് മത്സരങ്ങളില്‍ നിന്ന് 24 പോയിന്റോടെയാണ് ഈ നേട്ടം. ഇതേ പോയിന്റ് നേടിയ കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാംപസ് വിദ്യാര്‍ത്ഥി സി.എസ്. കൃഷ്ണനുണ്ണിക്കൊപ്പമാണ് സംഗീതപ്രതിഭ സ്ഥാനം പങ്കിട്ടത്. ലളിതഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ രാംപ്രസാദ് കര്‍ണാടക സംഗീതം, ഗസല്‍ എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഇക്കുറി ആദ്യമായി മത്സരിച്ച കഥകളി സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും ഉണ്ട്. കോളേജിലെ മൂന്നാം വര്‍ഷ ബി എസ് സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായ രാംപ്രസാദ് വെള്ളിക്കോത്ത് സ്വദേശിയാണ്. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് എല്ലാ ഇനങ്ങളിലും
പരിശീലനം നല്‍കിയത്. ഗുരുനാഥന്റെ ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ ശിഷ്യന്‍ അര്‍പ്പിച്ച ഗുരു ദക്ഷിണയുമായി ഈ വിജയം. മാധ്യമ പ്രവര്‍ത്തകന്‍ വെള്ളിക്കോത്ത് വീണച്ചേരി പൈനി വീട്ടിലെ ശ്യാംബാബുവിന്റെയും പ്രഭയുടെയും മകനാണ്. സഹോദരി ശിവദ.(കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി).
