കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റെയില്‍വെ യാത്ര സൗകര്യം വര്‍ധിപ്പിക്കുന്നതിനു ഷൊര്‍ണൂര്‍-മംഗ്‌ളൂരു മെമു അനുവദിക്കുകയോ, കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ മംഗ്‌ളൂരു വരെയോ അല്ലെങ്കില്‍ മഞ്ചേശ്വരം വരെയോ നീട്ടുകയോ വേണമെന്ന് കാസര്‍കോട് ജില്ലാ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍സ് കോഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ കാസര്‍കോട് വരെ നീട്ടണമെന്നും അന്ത്യോദയ എക്‌സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം സര്‍വ്വീസ് നടത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യമുന്നയിച്ചു. റെയില്‍വെക്ക് അധിക ചെലവോ പ്രത്യേക നഷ്ടമോ ഇല്ലാതെ എളുപ്പത്തില്‍ തീരുമാനിക്കാവുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നു പാസഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വെ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും റെയില്‍വെയുമായി ബന്ധപ്പെട്ട മറ്റു ചെറിയ ആവശ്യങ്ങള്‍ നടപ്പാക്കിക്കിട്ടുന്നതിനും സ്വീകരിക്കേണ്ട ഭാവി നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച് അധികൃതര്‍ക്കു നിവേദനം നല്‍കും.
ഉഡുപ്പി ഗാര്‍ഡനില്‍ നടന്ന മീറ്റ് ആന്റ് ടോക്ക് മാധ്യമ പ്രവര്‍ത്തകന്‍ എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍ പ്രശാന്ത് ആധ്യക്ഷ്യം വഹിച്ചു. മുഹമ്മദ് നിസാര്‍ പെര്‍വാഡ് അസോസിയേഷന്‍ ആവശ്യങ്ങള്‍ വിശദീകരിച്ചു. ഡോ. ജമാല്‍ അഹമ്മദ്, വിബിന്‍ എം.ജി, ഫറൂഖ് ആസ്മി, സണ്ണി ജോസഫ്, സൂര്യനാരായണഭട്ട്, ആനന്ദന്‍ കെ, ഭാസ്‌കര കെ, മുനീര്‍ എം.എം, ഷരീഫ് ബോസ് പ്രസംഗിച്ചു. നഹാസ് പി, മുഹമ്മദ്, കെ. നാഗരാജ, അഡ്വ. അന്‍വര്‍ ടി.ഇ, സുബൈര്‍ പള്ളിക്കല്‍, ബദറുദ്ദീന്‍ പി.എം ചിത്താരി, ഷഫീഖ് തെരുവത്ത്, അബ്ദുല്‍ മജീദ് കെ.എ, അബ്ദുല്‍ ലത്തീഫ്, സത്താര്‍, കരിം ചൗക്കി, മനോജ് കുമാര്‍ കെ, ഷക്കീഫ്, ശൈലേഷ് കെ., അബ്ദുല്‍ ഷരീഫ് എം, ലിബന്‍ ഗംഗാധരന്‍, ഹിബ ലത്തീഫ് പങ്കെടുത്തു. നാസര്‍ ചെര്‍ക്കളം സ്വാഗതവും ഷിനി ജയസണ്‍ നന്ദിയും പറഞ്ഞു.
