ഇസ്തിരിയിട്ടു മിനുങ്ങി നടക്കാന്‍ ഇവര്‍ വേണം; അവരുടെ വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ അവര്‍ക്കു സമയമില്ല

നാട്ടുകാരുടെ വസ്ത്രത്തിന്റെ ചുളിവുകള്‍ നിവര്‍ത്തിക്കൊടുക്കുന്ന കൃഷ്ണകുമാറിന്റെ മുഖത്തും ശരീരത്തിലും ചുളിവുകള്‍ വന്നു തുടങ്ങി. എഴുപത്തി ഒന്നിലെത്തിയ കൃഷ്ണകുമാര്‍ അമ്പത്തിരണ്ട് വര്‍ഷമായി ചുട്ടുപൊള്ളുന്ന ഇസ്തരിപ്പെട്ടിയെ തന്റെ ഇഷ്ട തൊഴിലുപകരണമായി കൊണ്ടുനടക്കുന്നു. 1972ല്‍ ആരംഭിച്ച ഈ തൊഴില്‍ ഇന്നും മുടക്കമില്ലാതെ തുടരുന്നു. കഞ്ഞി പ്രാക്ക് ബനിയനും വെള്ളമുണ്ട് മാടിക്കുത്തി ഉടുത്തും ഇസ്തരി മേശക്ക് അരികില്‍ അക്ഷോഭ്യനായി വലതുകയ്യില്‍ മുറുകിപ്പിടിച്ച ഇസ്തരിപ്പെട്ടിയുമായി തന്റെ കടയില്‍ എന്നും കൃഷ്ണകുമാറിനെ കാണാം. ആദ്യകാലത്ത് സ്വന്തം വീട്ടില്‍ വെച്ചാണ് 1972ല്‍ ഇസ്തരി പണി തുടങ്ങിയത്. അന്ന് പത്ത് പൈസയായിരുന്നു കൂലിയായി കിട്ടിയിരുന്നത്. ചിരട്ടക്കരിയാണ് അന്ന് ഇസ്തരി പെട്ടി ചൂടാക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് മിക്ക വീടുകളിലും ഇലക്ട്രിക് ഇസ്തരി പ്പെട്ടിയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും കൃഷ്ണകുമാറിന്റെ ചിരട്ട ഇസ്തരിപ്പെട്ടിയുടെ മേന്മ അറിഞ്ഞവര്‍ അയാളെ തന്നെ തേടിയെ ത്തുന്നു. തൃക്കരിപ്പൂര്‍ എം.എല്‍.എ. രാജഗോപാലന്‍ തന്റെ ഷര്‍ട്ടും മുണ്ടും ഇസ്തരി ഇടാന്‍ കൃഷ്ണകുമാറിനെയാണ് സമീപിക്കുന്നത്. ഖാദിയുടെ തടിച്ച തുണികൊണ്ടാണ് രാജഗോപാലിന്റെ ഷര്‍ട്ട് തയ്ക്കുന്നത്. അത്തരം ഷര്‍ട്ടുകള്‍ ഇസ്തരിയിട്ട് ചുളിവുതീര്‍ത്ത് മിനുസപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അന്തരിച്ച മുന്‍മന്ത്രി എന്‍.കെ. ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ. സതീഷ് ചന്ദ്രന്‍ എന്നിവരും കൃഷ്ണകുമാറിന്റെ കസ്റ്റമേര്‍സാണ്. 1973 മുതല്‍ രണ്ടു വര്‍ഷക്കാലം കരിവെള്ളൂര്‍കാരുടെ ഇസ്തരിക്കാരനായി ബസാറില്‍ ഇസ്തരിക്കട നടത്തിയിരുന്നു. എന്റെ സഹായ സഹകരണത്തോടെ നടത്തിവന്നിരുന്ന കരിവെള്ളൂര്‍ സെന്‍ട്രല്‍ മഹിളാ സമാജം കെട്ടിടത്തിന്റെ മുകളിലെ മുറിയിലായിരുന്നു കൃഷ്ണകുമാറിന്റെ ഇസ്തരിക്കട. അന്നു മുതല്‍ തുടങ്ങിയതാണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം.
ഇപ്പോള്‍ നീലേശ്വരം പേരോലില്‍ രണ്ടായിരം രൂപ വാടക നല്‍കി ഒരു ചെറു മുറിയിലാണ് കട നടത്തുന്നത്. രാവിലെ 8 മണിക്ക് കട തുറന്നാല്‍ വൈകീട്ട് 5 മണി വരെ മേശക്ക് അടുത്ത് ഒരേ നില്‍പ് നിന്നാണ് ഈ പണി ചെയ്യുന്നത്. കഴിഞ്ഞ നാലഞ്ച് മാസമായി ഇസ്തരിപ്പെട്ടിക്ക് അല്‍പം മാറ്റം വരുത്തി. ചിരട്ടക്കരി മാറ്റി ഗ്യാസ് ഉപയോഗിക്കുന്ന ഇസ്തരി പെട്ടിയാക്കി മാസം 1600 രൂപ അതിനു വേണ്ടി ചെലവു വരുന്നു. എട്ടുകിലോഗ്രാം ഭാരമുള്ള പെട്ടിയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഗ്യാസ് ഓണാക്കിക്കഴിഞ്ഞാല്‍ ഇടതടവില്ലാതെ അതിനടുത്ത് നിന്ന് മാറാതെ പണി ചെയ്യണം. വെള്ളം തളിച്ച് ചുളിവൊക്കെ കൈ കൊണ്ട് തടവി ലവലാക്കി വേണം ഇസ്തരി പെട്ടി കൊണ്ട് ഉരക്കാന്‍. അന്ന് ഒരു ഷര്‍ട്ടിന് 10 പൈസ ആയിരുന്നെങ്കില്‍ ഇന്ന് ഇരുപത് രൂപയാണ് വാങ്ങുന്നത്. ഇപ്പോള്‍ ഒരു കുടുംബത്തിന് ജീവിക്കാന്‍ ആവശ്യമായ വിധത്തില്‍ ദിനംപ്രതി ശരാശരി 700 രൂപ മുതല്‍ ആയിരം രൂപവരെ വരുമാനമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. എന്നും വിശ്രമമില്ലാത്ത പണിയാണ്. ഇസ്തരി ഇടാന്‍ കൊടുത്താല്‍ രണ്ടോ മൂന്നോ ദിവസം ഇട നല്‍കിയിട്ടേ തിരിച്ചു കിട്ടു. അത്രയും തിരക്കാണ്. ശ്രദ്ധയോടെ ചെയ്യേണ്ട പണിയാണിത്. വസ്ത്രത്തിന്റെ ഓരോ ഭാഗവും വൃത്തിയായും വെടിപ്പായും ചെയ്തില്ലെങ്കില്‍ ഉപഭോക്താക്കള്‍ പരാതിപ്പെടും. ഒരു ചെറു പരാതിക്കു പോലും ഇടനല്‍കാതെ കൃത്യനിഷ്ഠയോടെയാണ് കൃഷ്ണകുമാര്‍ തന്റെ ജോലി നിര്‍വ്വഹിക്കുന്നത്.
52 വര്‍ഷത്തിലേറെയായി ഒരേ ജോലി ചെയ്യുന്നതിനാല്‍ തന്റെ ഇരു കൈകളും പണിമുടക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. എങ്കിലും ജീവിക്കാനുള്ള കാലം വരെ തന്റെ ജീവിതത്തെ കരുപ്പിടിപ്പിച്ച ഇഷ്ടജോലിയില്‍ തുടരുമെന്നു തന്നെയാണ് കൃഷ്ണകുമാര്‍ പറയുന്നത്.
എല്ലാ മേഖലയിലെ തൊഴിലാളികള്‍ക്കും സംഘടനയും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമര പരിപാടികളുമുണ്ട്. എന്നാല്‍ ഇസ്തരിത്തൊഴിലാളികള്‍ക്ക് അത്തരം സംഘടനയൊന്നുമില്ല.
ഇസ്തരിയിട്ടു മിനുങ്ങി നടക്കാന്‍ ഇവരുടെ സേവനം കൂടിയേ തീരു. ക്ഷേ ആരും ശ്രദ്ധിക്കാതെ പോകുന്ന നിശ്ശബ്ദതൊഴിലാളി സമൂഹമാണ് ഇവരുടേത്.ഇപ്പോള്‍ കൃഷ്ണകുമാര്‍ കിണാനൂര്‍ കരിന്തളം പഞ്ചായത്തില്‍ കൂവാറ്റി ആനക്കല്ല് പ്രദേശത്താണ് കുടുംബസമേതം ജീവിച്ചു വരുന്നത്. ഭാര്യ കാര്‍ത്ത്യായനി. ഗോപകുമാര്‍, പ്രതീപ് കുമാര്‍, സുനില്‍കുമാര്‍ മക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page