കാസര്‍കോട്: പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നു എഐടിയുസി ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ പി.എസ്.സി അംഗങ്ങള്‍ക്കു വാരിക്കോരി വന്‍ സാമ്പത്തികാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതു ഇടതുപക്ഷത്തിന് പറഞ്ഞ പണിയല്ലെന്നു ജില്ലാ കൗണ്‍സില്‍ മുന്നറിയിച്ചു.
ന്യായമായ വേതനവര്‍ധനവ്, കുടിശ്ശികയാക്കാതെ കൃത്യമായ വേതനം എന്നീ ന്യായമായ ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ അവ നിഷ്‌കരുണം നിഷേധിക്കുകയാണ്.
സ്‌കൂള്‍ പാചകത്തൊഴിലാളികള്‍, ആശ-അംഗന്‍വാടി വര്‍ക്കര്‍മാര്‍, പൊതുവിതരണ മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍, ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കു അര്‍ഹമായ വേതന വര്‍ധനവോ, സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച മിനിമം കൂലിയോ നല്‍കാത്ത കാര്യം യോഗം അധികൃതരെ ചൂണ്ടിക്കാട്ടി. പി.എസ്.സി മെമ്പര്‍മാരുടെ ശമ്പള വര്‍ധന പ്രഖ്യാപനം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ടി. കൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി കൃഷ്ണന്‍, സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി. വിജയകുമാര്‍ പ്രസംഗിച്ചു.
