കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ സൂത്രധാരനും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളില്‍ പ്രതിയുമായ കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍. ആലപ്പുഴ, കാര്‍ത്തികപ്പള്ളി, മുതുകുളം നോര്‍ത്തിലെ അജി ടി.ജെ എന്ന അജി ജോണ്‍സണ്‍ (32) ആണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ കുമാറിന്റെ പിടിയിലായത്. കൂട്ടുപ്രതികളായ കായങ്കുളത്തെ ഷാജഹാന്‍ (37), കണ്ണൂര്‍, കണ്ണാടിപ്പറമ്പിലെ നൗഫല്‍ (32) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനി മൂന്നു പ്രതികളെ കിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
ജനുവരി 28ന് ആണ് കേസിനാസ്പദമായ സംഭവം. ചേലേരി, വൈദ്യര്‍കണ്ടിയാര്‍ സ്വദേശി ടി.സി മുന്‍സീര്‍ ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ കുഴല്‍പ്പണ ഇടപാട് നടത്തുന്ന ആളാണെന്നാണ് അക്രമി സംഘം കരുതിയിരുന്നത്. ഇയാളുടെ കൈവശം വന്‍ തുക ഉണ്ടാകുമെന്നു കണക്കു കൂട്ടിയ അക്രമി സംഘം ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പണം കിട്ടാതെ വന്നതോടെ ബൈക്കുമായാണ് അക്രമി സംഘം സ്ഥലം വിട്ടതെന്നാണ് കേസ്.
