കാസര്‍കോട്: ഫോണ്‍ കോള്‍ എത്തിയതിനു പിന്നാലെ ഭാര്യാവീട്ടില്‍ നിന്നു ഇറങ്ങിപ്പോയ ശേഷം കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ പയസ്വിനി പുഴയിലെ അത്തനാടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍, വെള്ളാലയിലെ നാരായണന്റെ മകന്‍ രാജേഷ് (25) ആണ് മരണപ്പെട്ടത്. പാണ്ടി, നാഗത്തുമൂലയിലെ ഭാര്യാവീട്ടില്‍ എത്തിയതായിരുന്നു ഇദ്ദേഹം. ശനിയാഴ്ച രാവിലെ പത്തു മണിയോടെ ഒരു ഫോണ്‍ കോള്‍ എത്തിയതിനെ തുടര്‍ന്നാണ് രാജേഷ് വീട്ടില്‍ നിന്നു പോയതെന്നു ഭാര്യാ മാതാവ് പറഞ്ഞു. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചു. സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. അന്വേഷിക്കുന്നതിനിടയില്‍ പാണ്ടി സ്വദേശിയായ ഒരാള്‍ വീട്ടിലേക്ക് വരികയും രാജേഷിന്റെ ഫോണ്‍ കൈമാറുകയും ചെയ്തതായി ഭാര്യാ മാതാവ് പറഞ്ഞു. ‘ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചിരുന്നു മദ്യപിച്ചതായും രാജേഷ് വേഗം ബാറില്‍ നിന്നു പോയതായും പിന്നീട് ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് 650 രൂപ നല്‍കിയാണ് ഫോണ്‍ തിരികെ വാങ്ങിച്ചതെന്നും രാജേഷ് തന്റെ കൈയില്‍ നിന്നു 3000 രൂപ വാങ്ങിയിട്ടുണ്ടെന്നും’ പാണ്ടി സ്വദേശി പറഞ്ഞതായി ഭാര്യാ മാതാവ് കൂട്ടിച്ചേര്‍ത്തു.
പുഴയില്‍ നിന്നു കരയ്‌ക്കെടുത്ത മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേ സമയം ആരോപണ വിധേയനായ പാണ്ടി സ്വദേശിയെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
പരേതയായ നാരായണിയാണ് രാജേഷിന്റെ മാതാവ്. ഭാര്യ: അശ്വതി. മകന്‍: ഹരിപ്രസാദ്. സഹോദരങ്ങള്‍: നയന, ഹരീഷ്.
