കാസര്‍കോട്: കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കാസര്‍കോട് ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നു വിവിധ പാസഞ്ചര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യത്തിന് അനുകൂല നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു പ്രത്യക്ഷ സമരത്തിനു സംഘടനകള്‍ തയ്യാറെടുപ്പാരംഭിച്ചു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം മാത്രമാണ് ജില്ലയില്‍ പൂര്‍ത്തിയായിട്ടുള്ളത്. മറ്റുള്ള സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനം തുടരുകയാണ്. വടക്കേ മലബാറിലെ റെയില്‍വേ യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ കോഴിക്കോട്-മംഗളൂരു റൂട്ടില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കണമെന്ന് ആവശ്യവുമായി നേരത്തെ വ്യാപാരികളും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ള നിരവധി സംഘടനകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും അധികൃതര്‍ കണ്ണുതുറക്കാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സംഘടനകള്‍ ആലോചിച്ചു വരുന്നത്.
കോഴിക്കോടും കണ്ണൂരും അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്കോ, മഞ്ചേശ്വരം വരെയോ നീട്ടണമെന്നാണ് പ്രധാന ആവശ്യം. ഷോര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്സ് മംഗളൂരു വരെ നീട്ടണമെന്നാണ് മറ്റൊരാവശ്യം. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ജില്ലയില്‍ കൂടുതല്‍ വരുമാനമുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുക, പരശുറാം എക്‌സ്പ്രസ്സിന് മഞ്ചേശ്വരം, കുമ്പള, കോട്ടിക്കുളം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുക, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മംഗളൂരിലേക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ കാലങ്ങളായി യാത്രക്കാര്‍ ആവശ്യപ്പെട്ട് വരുന്നതുമാണ്.
