കാസര്‍കോട്: മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കാന്‍ഫെഡും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.എന്‍.പണിക്കര്‍ പുരസ്‌കാരം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരിക്ക്. സ്ത്രീ ശാക്തീകരണത്തിനായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും കഴിഞ്ഞ 4 വര്‍ഷക്കാലം പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന മുന്നേറ്റത്തിന്റെ മുന്‍നിരക്കാരിയായി പ്രവര്‍ത്തിച്ചതും പരിഗണിച്ചാണ് അവാര്‍ഡ്. 2001 ല്‍ കുടുംബശ്രീ രൂപീകരണ വേളയില്‍ പിലിക്കോട് പഞ്ചായത്ത് പ്രഥമ സി.ഡി.എസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അവളിടം യുവതി ക്ലബ്ബ് രൂപീകരിച്ചതിന് യുവജനക്ഷേമ ബോഡിന്റെ ജില്ലാതലത്തിലുള്ള യുവതി ക്ലബ്ബിനുള്ള അംഗീകാരം നേടിയിരുന്നു. വനിതകള്‍ക്കായി ജില്ലയില്‍ ആദ്യത്തെ വനിത ജിംനേഷ്യം കാലിക്കടവില്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
സംസ്ഥാന ഗവണ്‍മെന്റിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഇ- മുറ്റം ഡിജിറ്റല്‍ സാക്ഷരത പരിപാടിയുടെ പൈലറ്റ് പഞ്ചായത്ത് ആയി പിലിക്കോടിനെയാണ് തെരഞ്ഞെടുത്തത്. ഡിജി കേരളം ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ചതും പിലിക്കോടാണ്. സംസ്ഥാനത്ത് ആദ്യമായി വയോജന നയം പ്രഖ്യാപിച്ച ആദ്യ ഗ്രാമ പഞ്ചായത്തായിരുന്നു. സംസ്ഥാനത്തെ മികച്ച വയോ സൗഹൃദ പഞ്ചായത്തിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ വയോസേവന അവാര്‍ഡ് പിലിക്കോടിന് ലഭിച്ചിരുന്നു. പി.എന്‍.പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് 1 ന് നടക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ദിനാചരണത്തില്‍ അവാര്‍ഡ് ദാനം നടക്കും.
