കൊച്ചി: മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നാണ് വിവരം. ആന ഭക്ഷണവും വെള്ളവും വെള്ളിയാഴ്ച രാവിലെ വരെ കഴിച്ചിരുന്നു. പക്ഷേ ചികിത്സക്കിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂവെന്നും വാഴച്ചാല്‍ ഡി.എഫ്.ഒ. കുറിപ്പിലൂടെ വ്യക്തമാക്കി.
കൊമ്പന്റെ മസ്തകത്തില്‍ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതില്‍ കൊമ്പന്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ആന ഭക്ഷണമെടുത്ത് തുടങ്ങിയെന്നത് കഴിഞ്ഞ ദിവസത്തെ ആശ്വാസ വാര്‍ത്തയായെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് വെള്ളിയാഴ്ച കൊമ്പന്‍ ചരിയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ആനയുടെ ആരോഗ്യനില വഷളായിരുന്നു. മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും വ്യാപിക്കുകയായിരുന്നു. സമയം കഴിയുന്തോറും അണുബാധ ആനയുടെ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആനയുടെ അതിജീവനം അസാധ്യമാക്കുമെന്നും വിദഗ്ധര്‍ മുന്‍പ് തന്നെ നിരീക്ഷിച്ചിരുന്നു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക ദൗത്യത്തിലൂടെ ആനയെ മയക്കുവെടി വച്ച് കോടനാടെത്തിച്ചത്. മയക്കുവെടിയേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പന്‍ ചേര്‍ത്തുനിര്‍ത്തിയതും ഹൃദ്യമായ കാഴ്ചയായിരുന്നു.
ആനയുടെ മരണവിവരം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ആനയ്ക്ക് ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി കഴിപ്പിച്ചുവരികയായിരുന്നു. ആന നിരന്തരമായി അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ഡോക്ടേഴ്സിന് മുറിവില്‍ നേരിട്ട് മരുന്ന് പുരട്ടാന്‍ കഴിഞ്ഞിരുന്നില്ല.
ഗുരുതരമായ മുറിവാണെങ്കിലും ആനയെ ആരോഗ്യവാനായി തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഈ പ്രതീക്ഷകളെല്ലാം വിഫലമാക്കി കൊണ്ടാണ് ആന ചരിഞ്ഞത്.
