കാസര്‍കോട്: നിര്‍മാണം നടക്കുന്ന പാണത്തൂര്‍ പള്ളിക്കാലിലെ ചാപ്പക്കാല്‍ കുഞ്ഞഹമ്മദിന്റെ വീട്ടില്‍ പുതിയ അതിഥികളെത്തി. വീടിനകത്തെ സ്വിച്ച് ബോര്‍ഡിലാണ് ഇരട്ടത്തലച്ചി ഇനത്തിലെ പക്ഷി കൂട് കെട്ടിയിരിക്കുന്ന കാഴ്ച. കൂട്ടിനുള്ളില്‍ മുട്ടവിരിഞ്ഞ് മൂന്നു കിളിക്കുഞ്ഞുങ്ങള്‍. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കണ്ടതോടെ വീട്ടുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് വനപാലകരായ റെജി, വിനീത്, പ്രവീണ്‍, പ്രകാശന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കൂട് മാറ്റാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സംരക്ഷണമാണ് ഇനി ആവശ്യം. പിന്നെ കുഞ്ഞഹമ്മദും കുടുംബവും ഒന്നും ചിന്തിച്ചില്ല, അവരുടെ അതിജീവനത്തിനായി വീടുപണി തല്‍ക്കാലം നിര്‍ത്തിവക്കാനാണ് തീരുമാനം. കിളിക്കുഞ്ഞുങ്ങള്‍ പറക്കാറായ ശേഷമേ വയറിങ് ജോലി പുനരാരംഭിക്കൂവെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു. മുമ്പ് മുട്ട വിരിയുന്നത് വരെ ജോലി നിര്‍ത്തിവച്ച ദുബായ് ഭരണാധികാരികളെ നാം കേട്ടിരുന്നു. ഇപ്പോള്‍ പാണത്തൂരില്‍ നിന്ന് ലഭിച്ച ശുഭ വാര്‍ത്തയാണിത്.
