കാസര്‍കോട്: അമ്മയെയും കുഞ്ഞിനെയും വീടിന് സമീപത്തുള്ള തോട്ടത്തിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെർള ഏൽക്കാന ദഡ്ഡികെ മൂലയിലെ പരമേശ്വരി (42), മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഭർത്താവ് ഈശ്വർ നായിക്ക് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മകളെയും കാണാതായ വിവരം അറിഞ്ഞത്. വീട്ടിൽ കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിലെ കുളത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരമേശ്വരി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
