അഹമ്മദാബാദ്: അടിമുടി സസ്പെന്‍സ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തില്‍ കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി. സെമി ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളം
അവസാന നിമിഷം വരെ പോരാടിയാണ് ഗുജറാത്തിനെ കീഴടങ്ങിയത്. ആദ്യ ഇന്നിങ്സിലെ രണ്ട് റണ്‍സ് ലീഡാണ് കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചത്. നാലാം ദിവസത്തിലേക്ക് മത്സരം എത്തിയതോടെ ആദ്യ ഇന്നിങ്സിലെ ലീഡ് ഫൈനല്‍ പ്രവേശനം ഉറപ്പിക്കും എന്ന നിലയിലായിരുന്നു മത്സരം പുരോഗമിച്ചിരുന്നത്.
ആദ്യ ഇന്നിങ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി.
വെള്ളിയാഴ്ച രാവിലെ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി കേരളം പ്രതീക്ഷ സജീവമാക്കി. കേരളം ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. മുംബൈ- വിദര്‍ഭ രണ്ടാം സെമി ഫൈനലിലെ വിജയികളെയാകും കേരളം നേരിടുക. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശത്തിന് സഹായകമായത് സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റ്. ഗുജറാത്തിന് ലീഡെടുക്കാന്‍ രണ്ട് റണ്‍സ് ശേഷിക്കെ നാഗസ്വാലെ ബൗണ്ടറി പ്രതീക്ഷിച്ച് കളിച്ച ഷോട്ട് സല്‍മാന്‍
നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍
ബേബിയുടെ കയ്യിലെത്തുകയായിരുന്നു. അവസാന വിക്കറ്റും വീണതോടെ കേരളത്തിന് രണ്ട് റണ്‍സ് ലീഡായി. ആദിത്യ സര്‍വാതെയുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നല്‍ സ്റ്റംപിങ്ങാണ് ജയ്മീതിനെ പുറത്താക്കിയത്.
