കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായ അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു.
സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
1981 മുതല്‍ സിപിഐ എം അംഗം. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. 2006 ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000- 05ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായി. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത. മരുമകന്‍: അലന്‍ ദേവ് (ഹൈക്കോടതി അഭിഭാഷകന്‍).
