വത്തിക്കാൻ: കടുത്ത ന്യുമോണിയ ബാധിച്ചിട്ടിണ്ടെങ്കിലും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ. ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാർപാപ്പ തനിയെ എഴുന്നേറ്റിരുന്നു പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു. രണ്ടു ശ്വാസകോശങ്ങളിലുമ കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസകോശ അണുബാധയ്ക്കും ചികിത്സയ്ക്കും പരിശോധനകൾക്കുമായി 5 ദിവസമായി ആശുപത്രിയിൽ തുടരുകയാണ് 88 വയസ്സുള്ള മാർപാപ്പ. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയിൽ മാറ്റം ആവശ്യമാണെന്നും വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. റോമിലെ ആശുപത്രിക്കു മുന്നിൽ ആയിരങ്ങളാണ് പ്രാർത്ഥനകളോടെ നിൽക്കുന്നത്. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർപാപ്പയും അഭ്യർത്ഥിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികത്വം വഹിക്കും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി മാർപാപ്പയെ സന്ദർശിച്ചു. 20 മിനിറ്റോളം അവർ ആശുപത്രിയിൽ ചെലവഴിച്ചു. മാർപാപ്പയുടെ ലാബ് പരിശോധനാഫലങ്ങളിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. അണുബാധ മൂലം സ്ഥിതി സങ്കീർണമാണെങ്കിലും പുരോഗതിയുണ്ടെന്നു ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.
