കാസര്‍കോട്: മയക്കുമരുന്നുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. തളങ്കര എന്‍എ മന്‍സിലിലെ സുലൈമാന്‍ രിഫായി എന്ന ചിട്ടി രിഫായി(31)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവും അനുഭവിക്കണം. 2021 ജുലായ് മൂന്നിന് വൈകിട്ട് ആറരയ്ക്ക് തളങ്കര മാലിക്ദീനാര്‍ പള്ളിക്ക് സമീപം വച്ചാണ് യുവാവ് മയക്കുമരുന്നുമായി പിടിയിലായത്. കാസര്‍കോട് സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന ഷേക്ക് അബ്ദുള്‍ റസാഖ് ആണ് മയക്കുമരുന്ന് പിടികൂടുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറുമായ പി അജിത്ത് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.
