കാസര്‍കോട്: നടന്നു പോകുന്നതിനിടയില്‍ എവിടെ നിന്നോ ഇളകിയെത്തിയ കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതര നിലയിലായിരുന്ന ഹോട്ടല്‍ തൊഴിലാളി മരിച്ചു. പൈവളിഗെ പഞ്ചായത്തിലെ ബായാര്‍, പട്‌ള, പെര്‍വോടിയിലെ സുരേഷ് യു ഭട്ട് (79) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ഇദ്ദേഹത്തെ കടന്നല്‍ കൂട്ടം ആക്രമിച്ചത്. നിരവധി കുത്തേറ്റ സുരേഷ് ഭട്ടിനു ഓടി രക്ഷപ്പെടാന്‍ കഴിയാതെ വീണു പോവുകയായിരുന്നു. വഴിയാത്രക്കാരായ മറ്റു നാലു പേര്‍ക്കും കുത്തേറ്റിരുന്നുവെങ്കിലും ഓടി രക്ഷപ്പെട്ടു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി സുരേഷ് ഭട്ടിനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ കൊണ്ട് രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നു ഉറപ്പായതോടെ തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ബായാറിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു സുരേഷ് ഭട്ട്.
ഭാര്യ: സുമതി. മക്കള്‍: ഹരീഷ് ഭട്ട്, ഗണേഷ് ഭട്ട്, പരേതനായ നാഗേഷ് ഭട്ട്, ശോഭ, സുഷ്മ. മരുമക്കള്‍: ഗണേശ ഷേണായ, ഗോവിന്ദ മാല്‍വന്‍ക്കര്‍, സരോജഭട്ട്, ആശ ഭട്ട്, ഗായത്രിഭട്ട്.
