കാസര്‍കോട്: കൊടക്കാട്ട് സിപിഎം നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി പുന്നക്കോടന്‍ ചന്ദ്രന്‍(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏണിപ്പടിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ചീമേനി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ഗള്‍ഫിലായിരുന്ന പുന്നക്കോടന്‍ ചന്ദ്രന്‍ വെള്ളച്ചാല്‍ ടൗണില്‍ കട നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയുടെ കാരണമെന്ന് സംശയിക്കുന്നു. കേരള പ്രവാസി സംഘം തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗമായിരുന്നു. വെള്ളച്ചാലിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകനും അമേച്വര്‍ നാടക പ്രവര്‍ത്തകനുമായിരുന്നു. മൃതദേഹം വൈകീട്ട് ഏഴു മണിയോടെ വെള്ളച്ചാല്‍ പാര്‍ട്ടി ഓഫീസിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് ശേഷം 8 മണിക്ക് സംസ്‌കരിക്കും. ഭാര്യമാര്‍: ശ്യാമള, പരേതയായ തങ്കമണി. മക്കള്‍: രാജേഷ്(ഗള്‍ഫ്), രഞ്ജിമ, പരേതയായ രജനി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലന്‍, വേണു, മാലിനി.
