കാസര്‍കോട്: മദ്രസയില്‍ നിന്നു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായ്ക്കളുടെ പരാക്രമം. കുരച്ചു ചാടിയ നായ്ക്കളില്‍ നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ഒരാള്‍ക്കു വീണു പരിക്കേറ്റു. ബന്തിയോട്ടെ ആദമിന്റെ മകന്‍ മുഹമ്മദ് മുഫീദി(11)നാണ് പരിക്കേറ്റത്. കുട്ടിയെ ബന്തിയോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം. മദ്രസയില്‍ നിന്നു വയല്‍ക്കര റോഡില്‍ കൂടി മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു മുഹമ്മദ് മുഫീദ്. ഇതിനിടയിലാണ് പത്തിലധികം വരുന്ന തെരുവു നായ്ക്കള്‍ കുട്ടികള്‍ക്കു നേരെ കുരച്ച്, ആക്രോശിച്ചെത്തിയത്. പേടിച്ചു പോയ കുട്ടികള്‍ പല വഴികളിലൂടെ നിലവിളിച്ചു കൊണ്ടോടി. ഇതിനിടയിലാണ് മുഫീദിനു വീണു പരിക്കേറ്റത്. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയതിനാലാണ് നായ്ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്നു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബന്തിയോട്ടും പരിസരത്തും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രശ്‌നത്തിനു സത്വര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
