കാസര്‍കോട്: സഹകരണ മേഖലയെ സംരക്ഷിക്കാന്‍, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 25 ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ സഹകരണ ജീവനക്കാരുടെ പണിമുടക്കും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
പണിമുടക്കിനു മുന്നോടിയായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഉദുമ ഏരിയ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. പണിമുടക്കിയ ജീവനക്കാരെ പങ്കെടുപ്പിച്ച് പാലക്കുന്നില്‍ ഏരിയ റാലി നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പനയാല്‍ ബാങ്ക് ഹാളില്‍ വച്ച് നടത്തിയ കണ്‍വെന്‍ഷന്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി കെവി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ പുഷ്‌കരാക്ഷന്‍ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ സി വിജയന്‍, എ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി വി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
