കാസർകോട്: കുടുംബ സംഗമത്തിൽ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ സ്കൂൾ വിദ്യാർഥി അബദ്ധത്തിൽ പുഴയിൽ മുങ്ങി മരിച്ചു. ഉദുമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എസ്.വി.അബ്ദുല്ല (14) ആണ് മരിച്ചത്. ഉദുമ പടിഞ്ഞാർ നുമ്പിൽ പുഴയിലാണ് കുട്ടി മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. കോട്ടക്കുന്നിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ കുട്ടി സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് പരിസരവാസികളെ വിവരം അറിയിച്ചു. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്ത് ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വെടിക്കുന്ന് സ്കൂളിന് സമീപം താമസിക്കുന്ന പ്രവാസിയായ
ഉദുമ കോട്ടക്കുന്നിലെ അബ്ദുൽ സത്താറിൻ്റെയും എരോലിലെ ഫരീദയുടെയും മകനാണ് അബ്ദുല്ല. സഹോദരങ്ങൾ: റിഫാസ്, മുഹമ്മദ് കുഞ്ഞി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവിവര മറിഞ്ഞ് കുട്ടിയുടെ പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
