കാസര്‍കോട്: ജന്മദിനത്തില്‍ കൂള്‍ബാറില്‍ വച്ച് സഹപാഠികളുമൊത്ത് ഐസ്‌ക്രീം കഴിക്കുകയായിരുന്ന വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ക്കും തടവും പിഴയും ശിക്ഷ. അംഗടിമുഗര്‍ സ്വദേശിയായ പ്രിഥ്വീരാജ് എന്നയാളെ സംഘം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി ജ്യൂസ് ഗ്ലാസ്സ് കൊണ്ട് തലക്കും, കൈപ്പത്തിക്കും കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ചെര്‍ക്കള തോട്ടത്തില്‍ ഹൗസിലെ പിഎ ഹാരിസ് എന്ന മുള്ളു ഹാരീസ് (36), ചെര്‍ക്കള ബാലനടുക്കത്തെ ഫൈസല്‍ എന്ന പൈച്ചു(35) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷവും ഒമ്പത് മാസവും തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധികതടവും അനുഭവിക്കണം. 2016 നവംബര്‍ 21നു വൈകുന്നേരം ചെര്‍ക്കളയിലെ ഐഡിയല്‍ കൂള്‍ ബാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടറും, ഇപ്പഴത്തെ കാഞ്ഞങ്ങാട് ഡിവൈ.എസ് പിയുമായ ബാബു പെരിങ്ങേത്താണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ:പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.
