കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മുന്‍ പ്രവാസിയായ വയോധികനില്‍ നിന്നു മൂന്നേ കാല്‍ കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. ഗുരുവായൂര്‍, മൂലശ്ശേരി തൈക്കാട്ടില്‍ ഓട്ടോക്കാരന്‍ ഹൗസിലെ ടി.ഡി ഡെയ്ഞ്ചല്‍ ഡെന്നീസി(28)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബു അറസ്റ്റു ചെയ്തത്. പാളിയത്തുവളപ്പിലെ ഭാര്‍ഗവ(74)നില്‍ നിന്നാണ് പണം തട്ടിയത്. 2024 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. മുംബൈ ടെലഫോണ്‍സില്‍ നിന്നു വിളിക്കുന്നുവെന്നു പറഞ്ഞാണ് സംഘത്തിലെ ഒരാള്‍ ഭാര്‍ഗവനെ ആദ്യമായി ഫോണില്‍ ബന്ധപ്പെട്ടത്. ഗള്‍ഫിലായിരുന്ന ഭാര്‍ഗ്ഗവിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ സിംകാര്‍ഡ് എടുത്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയെന്നുമാണ് ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ കുടുംബം ആത്മഹത്യ ചെയ്തുവെന്നും കേസില്‍ ഭാര്‍ഗവന്‍ കൂടി പ്രതിയാകുമെന്നും പറഞ്ഞു. പിന്നീട് മുംബൈ പൊലീസില്‍ നിന്നാണെന്നും സിബിഐയില്‍ നിന്നാണെന്നും പറഞ്ഞു രണ്ടു ഫോണ്‍ വിളികള്‍ എത്തി. ഗള്‍ഫിലുള്ള മകനെയും കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ ഭാര്‍ഗവനും ഭാര്യയും നേരിട്ട് ബാങ്കില്‍ പോയി സിബിഐ ഉദ്യോഗസ്ഥന്‍ എന്നു പറഞ്ഞയാളുടെ അക്കൗണ്ട് നമ്പറിലേക്ക് പണമയച്ചു കൊടുക്കുകയായിരുന്നു. പിന്നീടാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം ഭാര്‍ഗവന് മനസ്സിലായതും തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയതും. വന്‍ തട്ടിപ്പായതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. തട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയായ താമരശ്ശേരി, ഓമശ്ശേരിയിലെ എം.പി ഫഹ്‌മി ജവാദി(22)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ഡെയ്ഞ്ചലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കേസില്‍ ഇനി ഒരാളെ കൂടി കിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു.
