കാസര്‍കോട്; കുമ്പള, ഷിറിയയില്‍ റെയില്‍വെ പാളത്തിനു സമീപത്ത് മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കുമ്പള പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തലയോട്ടിക്കു ഏതോ മാരകായുധം കൊണ്ട് മുറിവേറ്റ അടയാളം കണ്ടെത്തിയതോടെയാണിത്. സംശയത്തെത്തുടര്‍ന്ന് തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുമ്പള എസ്‌ഐ വി.കെ വിജയന്റെ നേതൃത്വത്തിലാണ് തലയോട്ടി കണ്ടെത്തിയ കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് തലയോട്ടിയും മറ്റും കാണപ്പെട്ടത്. ഇതിനു സമീപത്തു നിന്നു റോസ് നിറത്തിലുള്ള ടീ ഷര്‍ട്ടും ബെര്‍മുഡയും കണ്ടെത്തി. ട്രെയിനില്‍ നിന്നു വീണു മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ റെയില്‍പാളത്തില്‍ ദിവസവും നാലു തവണ പരിശോധന നടത്താറുണ്ട്. ഈ സമയത്തൊന്നും സ്ഥലത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നില്ല. ഇതും തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. മറ്റെവിടെ നിന്നെങ്കിലും തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും സ്ഥലത്തു കൊണ്ടിടാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. പരിയാരത്തു നടക്കുന്ന വിദഗ്ധ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
